താനൂർ: പരിയാപുരം ഒട്ടുംപുറത്ത് മാതാവ് കൊന്ന് കുഴിച്ചിട്ട നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായതാനൂർ ഒട്ടുമ്പുറം രാമാനന്ദാശ്രമത്തിന് സമീപം താമസിക്കുന്ന ആണ്ടിപ്പാട്ട് വീട്ടിൽ ജുമൈലത്തിനെ(29) പൊലീസ് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അവിഹിത ബന്ധം പുറത്തറിയാതിരിക്കാനാണ് മൂന്നുദിവസം പ്രായമായ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നതെന്നാണ് പ്രതിയുടെ മൊഴി. പ്രതിയുടെ കാമുകനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും താനൂർ സി.ഐ ജെ. മാത്യു പറഞ്ഞു.
26നായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. ഡിസ്ചാർജ്ജ് ചെയ്ത് രാത്രി വീട്ടിലെത്തിയ ശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
താനൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച യുവതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. ബുധനാഴ്ച രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തി. വീടിന്റെ പറമ്പിൽ കിണറിനടുത്തായാണ് കുഞ്ഞിനെ കുഴിച്ചിട്ടിരുന്നത്. ഇന്നലെ രാവിലെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കോഴിക്കോട് സ്വദേശിയായ ഭർത്താവുമായി തെറ്റി സ്വന്തം വീട്ടിലായിരുന്നു ഒരു വർഷത്തിലേറെയായി ജുമൈലത്തിന്റെ താമസം. മൂന്നു കുട്ടികളുടെ മാതാവാണ്.
കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. യുവതി ഗർഭിണിയായ വിവരം വീട്ടുകാർക്കറിയുമായിരുന്നില്ല. വീട്ടുകാരുമായും ജുമൈലത്ത് സ്വരചേർച്ചയിലായിരുന്നില്ല. ഒറ്റയ്ക്കാണ് പ്രസവത്തിനായി മെഡിക്കൽ കോളേജിലേക്ക് പോയതെന്നാണ് വിവരം. രാത്രിയാണ് വന്നതെന്നതിനാൽ കുട്ടി ഒപ്പമുണ്ടായിരുന്ന വിവരം അറിഞ്ഞില്ലെന്നാണ് വീട്ടുകാരുടെ മൊഴി. വീട്ടുകാർക്ക് സംഭവത്തിൽ പങ്കുള്ളതായി ഇതുവരെ സൂചനയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.