
തിരുവനന്തപുരം: സന്ദർശക വീസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് മരിച്ചത്. തലയ്ക്കു വെടിയേറ്റാണ് മരണം. തോമസിനൊപ്പം ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച മേനംകുളം സ്വദേശി എഡിസൺ നാട്ടിലെത്തി. ഇദ്ദേഹത്തിന് കാലിന് പരുക്കുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് മലയാളികൾ ഇസ്രയേലിൽ ജയിലിൽ ആണെന്നാണ് വിവരം.
സംഘം ഇസ്രയേലിലേക്ക് കടക്കുന്നത് തടയാൻ ജോർദാൻ സൈന്യം ശ്രമിക്കവേ ഇവർ പാറക്കെട്ടുകൾക്കിടയിൽ ഒളിക്കുകയും തുടർന്ന് സൈന്യം വെടിവയ്പ് നടത്തുകയുമായിരുന്നു. കാലിൽ വെടിയേറ്റ എഡിസണെ ചികിത്സയ്ക്കുശേഷം ജോർദാൻ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഗബ്രിയേലിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന് എംബസിയിൽനിന്നുള്ള ഇമെയിൽ സന്ദേശം അയച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് പരുക്കേറ്റ എഡിസൺ നാട്ടിലെത്തിയതോടെയാണ് ഗബ്രിയേലിന്റെ മരണവിവരം പുറത്തറിഞ്ഞത്.
സമീപ വാസികളായ ഗബ്രിയേൽ പെരേരയും എഡിസണും ഒന്നിച്ചാണ് ജോർദാനിലെത്തിയത്. അതേസമയം, ഇവർ ടൂറിസ്റ്റ് വീസയിലാണ് പോയതെന്നാണ് ഗബ്രിയേലിന്റെ കുടുംബം പറയുന്നത്. തലയ്ക്കു വെടിവച്ചതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഇവരെ ഇസ്രയേലിലേക്ക് കടത്താൻ ഏജന്റ് ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരെക്കുറിച്ച് പൊലീസും ഇന്റലിജൻസും അന്വേഷണമാരംഭിച്ചു.