കൊച്ചി:മലയാളികൾക്ക് എക്കാലത്തും പ്രിയങ്കരിയായ നടിയാണ് ശ്രീവിദ്യ. വിടപറഞ്ഞിട്ട് വർഷങ്ങൾ ഏറെ ആയെങ്കിലും ഇന്നും പ്രേക്ഷക മനസ്സില്‍ ജീവിച്ചിരിക്കുന്നുണ്ട് ശ്രീവിദ്യ. മലയാളത്തിന്റെ മുഖശ്രീ ആയിട്ടൊക്കെയാണ് ശ്രീവിദ്യ അറിയപ്പെട്ടിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലൊക്കെ നടി അഭിനയിച്ചിട്ടുണ്ട്.
വളരെ ചെറുപ്പത്തിൽ തന്നെ അഭിനയത്തിലേക്ക് എത്തിയതാണ് ശ്രീവിദ്യ. നൃത്തത്തിലൂടെയാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്. പതിമൂന്നാം വയസ്സിൽ തമിഴ് സിനിമയിലൂടെ ആയിരുന്നു ശ്രീവിദ്യയുടെ അരങ്ങേറ്റം. പിന്നീട് സത്യൻ നായകനായ ചട്ടമ്പിക്കവല എന്ന ചിത്രത്തിലൂടെ നായിക നടിയുമായി. പിന്നീട് ശ്രീവിദ്യ മലയാള സിനിമയുടെ തന്നെ മുഖമായി മാറുകയായിരുന്നു.
അതേസമയം, വ്യക്തി ജീവിതത്തിലെ പല സംഭവങ്ങൾ കൊണ്ടും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന നടി കൂടിയായിരുന്നു ശ്രീവിദ്യ. ശ്രീവിദ്യയുടെ പ്രണയങ്ങളും വിവാഹവും വിവാഹമോചനവും എല്ലാം വലിയ വാർത്തകളായിരുന്നു. ആദ്യം കമൽ ഹാസനെയും പിന്നീട് സംവിധായകനെയും പ്രണയിച്ചതാണ് ശ്രീവിദ്യ. എന്നാൽ ഇത് രണ്ടും വിവാഹത്തിൽ എത്തിയില്ല.
പിന്നീട് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ജോർജ് തോമസ് എന്നയാളെ മതം മാറി നടി വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ഈ ബന്ധം ദുരിതങ്ങൾ മാത്രമാണ് നടിക്ക് നൽകിയത്. അയാൾ ശ്രീവിദ്യയുടെ സ്വത്തുക്കൾ ഉൾപ്പടെ തട്ടിയെടുത്തു. ഒടുവിൽ കേസ് സുപ്രീം കോടതി വരെ പോയി ശ്രീവിദ്യ ജയിക്കുകയായിരുന്നു.
ഒരിക്കൽ അമൃത ടിവിയിലെ സമാഗമം എന്ന പരിപാടിയിൽ നടി തകർന്ന വിവാഹബന്ധത്തെ പറ്റി സംസാരിച്ചിരുന്നു. ആ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്. ജീവിതം തകർത്തവരോട് പ്രതികാരം ചെയ്യാൻ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി.
‘ആരെയും ശിക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. അവരെയെല്ലാം എക്സ്പോസ് ചെയ്യണം എന്ന് എനിക്കുണ്ടായിരുന്നു. ഒരാൾ സാധുവിനെ പോലെ അഭിനയിച്ച് ഒരു സ്ത്രീയുടെ കഴുത്ത് അറുത്ത് കളയുക എന്ന് പറയുന്നത് ഭയങ്കരമാണ്. ഒരു സ്നേഹമുള്ള സ്ത്രീയുടെ അടുത്ത് ചോദിച്ചാൽ അവർ എന്ത് വേണമെങ്കിലും തരും. അവർ എന്തും അടിയറവ് വയ്ക്കും. അങ്ങനെയുള്ള സ്ത്രീക്ക് ഒരു ദ്രോഹം ചെയ്യാൻ എങ്ങനെ മനസ് വന്നു. എന്നോട് ദ്രോഹം ചെയ്യാൻ ഇയാൾക്ക് എങ്ങനെ തോന്നി,’
‘കാരണം ഇയാൾക്ക് വേണ്ടി ഞാൻ മതം മാറി. ഇയാൾക്ക് വേണ്ടി എന്റെ വീട്ടുകാരെയും നാട്ടുകാരെയും എല്ലാവരെയും വിട്ട് ഞാൻ കൂടെ വന്നു. ഞാൻ ഒറ്റയ്ക്കും അവർ നൂറിലധികം പേരും. അങ്ങനെ ആയിരുന്നു. ഞാൻ ഒരുത്തി മാത്രം വലിയൊരു കുടുംബത്തിലേക്ക് വരുകയാണ്. എന്നെ ദ്രോഹിക്കേണ്ട കാര്യമില്ല. എന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാൻ എടുത്ത് കൊടുത്തേനെ,’ ശ്രീവിദ്യ പറഞ്ഞു.
‘ഒരു ഘട്ടത്തിൽ എല്ലാ പെൺകുട്ടികളും ഇതുപോലെ എന്തിലെങ്കിലും പോയി ചാടും. അതിപ്പോൾ പ്രണയബന്ധമാവട്ടെ കല്യാണം ആവട്ടെ. എന്നെ കല്യാണം കഴിക്കേണ്ട ആൾ മറ്റൊരാളെ കല്യാണം കഴിച്ചപ്പോൾ എനിക്ക് ദേഷ്യമായി. പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇയാൾക്ക് കല്യാണം കഴിക്കാമെങ്കിൽ എനിക്ക് കഴിക്കണ്ടേ എന്നായിരുന്നു ചിന്ത,’
‘ഞങ്ങൾക്ക് അന്ന് 22 വയസ്സാണ് പ്രായം. വിവാഹം പറഞ്ഞ് ഉറപ്പിച്ച് ഒരു വർഷം കഴിഞ്ഞ് നടത്താമെന്ന് പറഞ്ഞു. അതിനിടയിൽ ഞാൻ ഓരോന്നൊക്കെ കേൾക്കുന്നുണ്ടായിരുന്നു. പിന്നീട് വന്നിട്ട് എന്നോട് പറഞ്ഞു അതേ നടക്കൂ ഇത് നടക്കില്ലെന്ന്. സ്നേഹിച്ചു പോയത് കൊണ്ട് എനിക്ക് അയാളെ ഒന്നും ചെയ്യാൻ കഴിയില്ല. അപ്പോൾ ഞാൻ കരുതി എനിക്കും ഒരു ഭാര്യ ആവാനുള്ള അവകാശമില്ലേയെന്ന് തോന്നി. ആ പ്രായത്തിൽ. അങ്ങനെ ഞാൻ ആ വിവാഹത്തിലേക്കും പെട്ട് പോയതാണ്,’
‘എനിക്കൊരു രക്ഷാകർത്താവ് വേണം ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന രീതിയിൽ വന്നപ്പോഴാണ് ഞാൻ വിവാഹം കഴിച്ചത്. ഞാൻ വിശ്വസിച്ച് അത് മുതലെടുത്തു. പിന്നീട് അഞ്ച് മിനിറ്റിൽ ഞാൻ റോഡിലായി. പിന്നെ ഞാൻ സഹോദരന്റെ അടുത്ത് പോയി നിന്നു. അതിനിടയിൽ ദൈവമായിട്ട് എനിക്ക് രണ്ടു മൂന്ന് സിനിമകൾ തന്നു. അതോടെ ഒരു വീടിന് അഡ്വാൻസ് കൊടുക്കാനുള്ള പൈസയൊക്കെ എനിക്കായി. അതാണ് ദൈവം,’ ശ്രീവിദ്യ പറഞ്ഞു.
‘ജീവിതത്തിലെ നല്ല സമയം ഈ വിവാഹത്തിന് മുൻപാണ്. ഏറ്റവും നല്ല സമയം ഞാൻ ഒരു പെൺകുട്ടി ആയിരുന്നപ്പോഴാണ്. എനിക്ക് ഡാൻസും പാട്ടുമൊക്കെ എപ്പോഴും ഉണ്ടാവുമായിരുന്നു. ഞാൻ മദ്രാസിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഭരതനാട്യം ഡാൻസറായിരുന്നു,’ ശ്രീവിദ്യ പറയുന്നു.