KeralaNews

കുപ്പിവെള്ളക്കച്ചവടമില്ലാത്ത നാട്,ജലാശയങ്ങളില്‍ ശുദ്ധമായ വെള്ളം; കേരളത്തിന് മാതൃക-പിണറായി

തിരുവനന്തപുരം: വിദേശയാത്രയില്‍ ഫിഷറീസ് രംഗത്തെ വന്‍ ശക്തികളിലൊന്നായ നോര്‍വേയുമായി സഹകരണം ശക്തമാക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ കേരളത്തിന്റെ മത്സ്യമേഖലയ്ക്ക് കുതിപ്പ് നല്‍കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തില്‍ മാരിടൈം ക്ലസ്റ്റര്‍ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കള്‍ച്ചര്‍ രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും നോര്‍വേയുടെ സഹായവാഗ്ദാനം ലഭിച്ചുവെന്നും നോര്‍വേ ഫിഷറീസ് മന്ത്രി ജോര്‍ണര്‍ സെല്‍നെസ്സ് സ്‌കെജറന്‍ ഇതുസംബന്ധിച്ച് ഉറപ്പുകള്‍ നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

1953-ല്‍ നീണ്ടകരയില്‍ ആരംഭിച്ച നോര്‍വീജിയന്‍ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. 1961ല്‍ പദ്ധതി എറണാകുളത്തേക്ക് മാറ്റി. എറണാകുളത്ത് ഒരു ഐസ്പ്ലാന്റും മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള സ്ലിപ്പ് വേയോടു കൂടിയ വര്‍ക്ക്‌ഷോപ്പും സ്ഥാപിച്ചത് പദ്ധതിയുടെ ഭാഗമായാണ്.

പദ്ധതി നടപ്പാക്കിയതോടെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയില്‍ കേരളം അതിവേഗം വളരുകയും കടല്‍ മത്സ്യ ഉല്‍പ്പാദനം വര്‍ഷംതോറും വര്‍ധിക്കുകയും ചെയ്തു. ഈ നേട്ടം പുതിയ സാങ്കേതികവിദ്യകളുടെയും സമീപനങ്ങളുടെയും സഹായത്തോടെ കൂടുതല്‍ വിപുലമാക്കാന്‍ നോര്‍വേയുമായുള്ള സഹകരണം കൊണ്ട് സാധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോര്‍വേയില്‍ നിന്ന് നമുക്ക് പഠിക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ടെന്നും അവിടത്തെ വയോജന പരിചരണവും സഹായങ്ങളും എടുത്തുപറയേണ്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. മറ്റൊരു കാര്യം ശ്രദ്ധയില്‍പെട്ടത് ആ രാജ്യത്ത് കുപ്പിവെള്ളക്കച്ചവടം കണ്ടില്ല എന്നതാണ്. ഏത് ജലാശയത്തില്‍ നിന്നും നേരിട്ട് എടുത്ത് കുടിക്കാനാവുന്നത്ര ശുദ്ധമാണ് വെള്ളം. ശുദ്ധജലത്താല്‍ സമൃദ്ധമാണ് നമ്മുടെ കേരളം. നമുക്കും നോര്‍വേ മാതൃക അനുകരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, വയനാട് തുരങ്കപാത നിര്‍മ്മാണം, തീരശോഷണം തടയല്‍ എന്നീ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍പര്യം പ്രകടിപ്പിച്ചതും വിദേശ യാത്രയുടെ നേട്ടമാണ്. നോര്‍വേയില്‍ തുരങ്കപാതകള്‍ ഒട്ടേറെയാണ്.

പരിസ്ഥിതിയെയും ആവാസ വ്യവസ്ഥകളെയും പരിക്കേല്‍പ്പിക്കാതെ തുരങ്കപാതകള്‍ നിര്‍മ്മിച്ച് സുഗമമായ ഗതാഗതം സാധ്യമാക്കുന്ന നോര്‍വേ മാതൃകയില്‍ കേരളത്തിന് അനുകരിക്കാവുന്നതുണ്ടെന്നാണ് യാത്രാനുഭവത്തില്‍നിന്ന് ബോധ്യമായത്. ഇന്ത്യന്‍ റെയില്‍വേക്ക് തുരങ്കപാത നിര്‍മ്മാണത്തില്‍ നോര്‍വേയുടെ സാങ്കേതിക സഹകരണം ലഭിക്കുന്നുണ്ട്.

കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദ്ധതികള്‍ കേരളത്തിനു സഹായകരമാകും. കേരള സംഘത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് വിവിധ മേഖലകളിലെ വിദഗ്ദരുടെ സംഘത്തെ അയക്കാമെന്ന് നോര്‍വെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ധന്‍ ഡൊമനിക് ലെയ്ന്‍ ഉറപ്പു നല്‍കി.

പ്രളയ മാപ്പിങ്ങില്‍ ആവശ്യമായ സാങ്കേതിക ഉപദേശം നല്‍കാമെന്നും അവര്‍ വ്യക്തമാക്കി. വിദഗ്ധരുടെ കേരള സന്ദര്‍ശനത്തിനു ശേഷം സര്‍വ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന കാര്യം കൂടി പരിഗണിക്കാമെന്നും അവര്‍ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.


ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker