KeralaNews

ചാവക്കാട് നഗരത്തിൽ വൻ തീപിടിത്തം, മൂന്ന് കടകൾ കത്തിനശിച്ചു

തൃശ്ശൂർ: ചാവക്കാട് നഗരമധ്യത്തിലെ കെട്ടിടത്തിന് തീപിടിച്ച് മൂന്ന് കച്ചവടസ്ഥാപനങ്ങള്‍ കത്തിനശിച്ചു. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അസീസ് ഫുട്‌വെയര്‍, ടിപ്പ് ടോപ്പ് ഫാന്‍സി ഷോപ്പ് എന്നിവയും മറ്റൊരു തുണിക്കടയുമാണ് കത്തിനശിച്ചത്.

കച്ചവടസ്ഥാപനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തും തീപിടിത്തമുണ്ടായി. കെട്ടിടത്തിന് തൊട്ടടുത്തുള്ള വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിലെ കേബിളുകളും കത്തിനശിച്ചെങ്കിലും ട്രാന്‍സ്‌ഫോര്‍മറിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

ഗുരുവായൂര്‍, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നായി അഗ്നിരക്ഷാസനേയുടെ എട്ട് യൂണിറ്റുകളെത്തിയാണ് പുലര്‍ച്ചെ നാലോടെ തീ നിയന്ത്രണവിധേയമാക്കിയത്. നാട്ടുകാരും തീ അണക്കാന്‍ രംഗത്തിറങ്ങി. തീപിടിത്തകാരണം വ്യക്തമായിട്ടില്ല. ആദ്യം പ്ലാസ്റ്റിക് ഉരുകുന്ന മണവും പുകയുമാണ് ഉണ്ടായതെന്നും പിന്നീട് തീ ആളിക്കത്തുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button