തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ തര്‍ക്കം. ബി ജെ പിയുടെ ക്രൈസ്തവ സഭകളോടുള്ള പുതിയ സമീപനത്തെ പ്രതിരോധിക്കാന്‍ കച്ചക്കെട്ടിയിറങ്ങിയതിന് പിന്നാലെയാണ് ഇതേ വിഷയത്തില്‍ കോണ്‍ഗ്രസിന് ഉള്ളില്‍ ഭിന്നത മൂര്‍ച്ഛിച്ചത്. മുതിര്‍ന്ന നേതാവ് കെ സി ജോസഫിനെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പരസ്യമായി അപമാനിച്ചു എന്നാണ് എ ഗ്രൂപ്പിന്റെ പരാതി.
ബി ജെ പിയുടെ സഭാ നയതന്ത്രത്തെ ഗൗരവമായി കാണണം എന്ന് ചൂണ്ടിക്കാട്ടി കെ സി ജോസഫ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പിയുടെ സഭാ നയതന്ത്രത്തിന് മറുമരുന്നുമായി അരമനകള്‍ കയറിയിറങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ കെ സുധാകരന്‍ കെ സി ജോസഫിന് എതിരെ പരോക്ഷമായി നടത്തിയ പരാമര്‍ശമാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്.
കെ സി ജോസഫിന്റെ കത്തിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പുമാരെ കാണുന്നത് എന്നിരിക്കെ അദ്ദേഹത്തെ അപമാനിച്ചത് ശരിയായില്ല എന്നാണ് എ ഗ്രൂപ്പ് പറയുന്നത്. തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കെ സുധാകരന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ സുധാകരന്‍ കെ സി ജോസഫിനെതിരെ പരാമര്‍ശം നടത്തിയത്.
കെ സി ജോസഫിന്റെ കത്തില്‍ ബി ജെ പി നേതാക്കളുടെ സന്ദര്‍ശനത്തെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആണ് ഈ പരാമര്‍ശം അപക്വമായിപ്പോയി എന്ന് കെ സുധാകരന്‍ പറഞ്ഞത്. പാര്‍ട്ടിക്ക് അകത്ത് ആരും കുത്തിത്തിരിപ്പുണ്ടാക്കിയില്ലെങ്കില്‍ ആശങ്കയില്ല എന്നും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് എ ഗ്രൂപ്പ് എതിര്‍പ്പുമായി രംഗത്തെത്തിയത്.
കെ സി ജോസഫ് കത്ത് നല്‍കി 24 മണിക്കൂര്‍ പിന്നിടും മുന്‍പേ മത മേലധ്യക്ഷന്‍മാരെ കാണാന്‍ തീരുമാനിച്ച കെ പി സി സി പ്രസിഡന്റ്, പിന്നെ എന്തിനാണ് കെ സി ജോസഫിനെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചത് എന്നാണ് എ ഗ്രൂപ്പ ഉന്നയിക്കുന്ന ചോദ്യം. ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിക്കാന്‍ ബി ജെ പി നടത്തുന്ന ശ്രമങ്ങളും അതിനോടുള്ള ബിഷപ്പുമാരുടെ പ്രതികരണവും ഗൗരവമായി കാണണം എന്നാണ് കെ സി ജോസഫ് കത്തില്‍ പറഞ്ഞിരുന്നത്.
പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കണം എന്നും കെ സി ജോസഫ് കെ സുധാകരന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള ബി ജെ പി നീക്കത്തില്‍ കോണ്‍ഗ്രസിലെ മറ്റ് ചില നേതാക്കള്‍ക്കും ആശങ്കയുണ്ട്. കേരള കോണ്‍ഗ്രസ് എം യു ഡി എഫ് വിട്ടതോടെ ഈ വോട്ട് ബാങ്കില്‍ വിള്ളലുണ്ടായിട്ടുണ്ട് എന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.