മഞ്ജുവിന്റെ ഒരു നോട്ടം മതി; മോഹൻലാൽ വിറയ്ക്കും; പകരം ദിവ്യ ഉണ്ണിയെത്തിയപ്പോൾ; സ്വർഗചിത്ര അപ്പച്ചൻ പറഞ്ഞത്
കൊച്ചി:തൊണ്ണൂറുകളുടെ അവസാനത്തിൽ മലയാള സിനിമാ ലോകം ആവേശത്തോടെ നോക്കിക്കണ്ടതാണ് മഞ്ജു വാര്യർ എന്ന താരോദയം. പ്രഗൽഭരായ ഒട്ടനവധി നടിമാർ മുമ്പും വന്നിട്ടുണ്ടെങ്കിലും മഞ്ജുവിനെ അവരിൽ നിന്നെല്ലാം വ്യത്യസ്തയാക്കിയ മറ്റ് പല ഘടകങ്ങളുമുണ്ടായിരുന്നു. സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുന്ന നായികനടിമാർ അന്ന് വിരളമാണ്. ഡബ്ബിംഗിലെ മികവ് മഞ്ജുവിനെ തുണച്ചു.
നടി ചെയ്ത കഥാപാത്രങ്ങളിൽ ഭൂരിഭാഗവും സ്ത്രീ പ്രേക്ഷകരെ വലിയ തോതിൽ സ്വാധീനിച്ചു. നൃത്തത്തിലെ മികവ്, കോമഡിയും വൈകാരികതയും ഒരുപോലെ അഭിനയിച്ച് ഫലിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവ ഘടകങ്ങൾ മഞ്ജുവിനെ മറ്റ് നടിമാരിൽ നിന്നും ഒരുപടി മുന്നിലെത്തിച്ചു. അക്കാലത്ത് മഞ്ജുവിനൊപ്പം കരിയറിൽ തിളങ്ങി നിന്ന നടിയാണ് ദിവ്യ ഉണ്ണി. പ്രണയവർണങ്ങൾ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.
മഞ്ജു അഭിനയ രംഗത്ത് നിന്നും പിന്മാറിയ സമയത്ത് നടിയെ വെച്ച് ചെയ്യാനിരുന്ന സിനിമകളിൽ ചിലത് ദിവ്യ ഉണ്ണിയിലേക്കെത്തി. ഇതിലൊരു സിനിമയാണ് ഉസ്താദ്. 1999 ൽ പുറത്തിറങ്ങിയ ഉസ്താദിൽ മോഹൻലാൽ, ദിവ്യ ഉണ്ണി, ഇന്ദ്രജ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. സിബി മലയിൽ സംവിധാനം ചെയ്ത ഉസ്താദ് പക്ഷെ പ്രേക്ഷക സ്വീകാര്യത നേടിയില്ല. സിനിമ വിതരണം ചെയ്ത് സ്വർഗചിത്ര അപ്പച്ചൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഉസ്ദാതിൽ മഞ്ജുവിന് പകരം ദിവ്യ ഉണ്ണിയെ കാസ്റ്റ് ചെയ്തത് പരാജയത്തിന് കാരണമായെന്ന് ഇദ്ദേഹം പറയുന്നു. കഥ പറയുമ്പോഴുള്ള ഇംപാക്ട് റിലീസ് ചെയ്യുമ്പോൾ കിട്ടില്ല. വളരെ പ്രതീക്ഷിച്ച് ചെയ്ത സിനിമയാണ് ഉസ്താദ്. ഹീറോയ്ക്ക് ഒരു അനിയത്തിയുണ്ട്. അനിയത്തിയുടെ അടുത്ത് മാത്രമേ പുള്ളി മര്യാദയ്ക്ക് നിൽക്കൂ. ഈ കഥ ബെസ്റ്റാണെന്ന് ഞാൻ പറഞ്ഞു. മഞ്ജുവിനെ ആദ്യം ബ്ലോക്ക് ചെയ്യെന്ന് രഞ്ജിത്ത് പറഞ്ഞു.
മഞ്ജുവിന് ഒരു ലക്ഷം രൂപ അഡ്വാൻസ് കൊടുത്തു. പിന്നീട് മഞ്ജുവിന് പകരം ദിവ്യ ഉണ്ണിയെത്തി. അതോട് കൂടി ആ ഭാഗം വർക്ക് ഔട്ട് ആയില്ല. ലാൽ എല്ലാം കറക്ടായി ചെയ്തു. പക്ഷെ ഹീറോയിൻ കാരണം വീട്ടിലെ സീനുകൾ എല്ലാം തുലഞ്ഞു. അവിടെ മഞ്ജുവായിരുന്നെങ്കിൽ ചേട്ടാ എന്ന് പറഞ്ഞൊരു നോട്ടം നോക്കിയാൽ മോഹൻലാൽ വിറയ്ക്കുമെന്നും സ്വർഗചിത്ര അപ്പച്ചൻ പറഞ്ഞു. ഇദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്.
സ്വർഗചിത്ര അപ്പച്ചന്റെ അഭിപ്രായത്തെ എതിർത്ത് കൊണ്ട് കമന്റുകളും വരുന്നുണ്ട്. ദിവ്യ ഉണ്ണി ഉസ്താദിൽ മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ട്, സിനിമയുടെ മറ്റ് പോരായ്മകളാണ് പരാജയത്തിന് കാരണമായതെന്നാണ് ഭൂരിഭാഗം കമന്റുകളും. മഞ്ജു അഭിനയിച്ചിരുന്നെങ്കിലും ഉസ്താദ് പ്രേക്ഷക സ്വീകാര്യത നേടില്ലായിരുന്നെന്നും ഇവർ ചൂണ്ടിക്കാട്ടി.
ദിലീപിനെ വിവാഹം ചെയ്തതോടെയാണ് ഉസ്ദാതിൽ നിന്നും മഞ്ജു പിന്മാറിയത്. നിരവധി സിനിമകളിൽ മഞ്ജുവിനെ നായികയായി പരിഗണിച്ചിരിക്കെയായിരുന്നു വിവാഹം. ഫ്രണ്ട്സ്, ചന്ദ്രലേഖ തുടങ്ങിയ സിനിമകളിൽ ആദ്യം നായികയായി പരിഗണിച്ചത് മഞ്ജുവിനെയാണ്. എന്നാൽ വിവാഹശേഷം നടി സിനിമാ രംഗം വിട്ടതോടെ ഈ സിനിമകൾ മറ്റ് നടിമാരിലേക്കെത്തി.
ആരാധകരെ ഏറെ നിരാശപ്പെടുത്തിയ തീരുമാനമായിരുന്നു മഞ്ജു അഭിനയം നിർത്തിയത്. വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയത്. ഇന്ന് സിനിമാ രംഗത്ത് മഞ്ജു സജീവമാണ്. മലയാളത്തിന് പുറമെ തമിഴിൽ നിന്നും താരത്തിന് അവസരങ്ങൾ വരുന്നു.