NationalNews

462 ഹിന്ദു താമസക്കാരുള്ള ഭവന സമുച്ചയത്തിൽ മുസ്ലിം വനിതക്ക് ഫ്ലാറ്റ് അനുവദിച്ചു, താമസക്കാരുടെ പ്രതിഷേധം

വഡോദര: മുഖ്യമന്ത്രി ആവാസ് യോജന സർക്കാർ ഭവന പദ്ധതി പ്രകാരം മുസ്ലിം കുടുംബത്തിന് വീട് അനുവദിച്ചതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ. ​ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഹർനി പ്രദേശത്ത് നിർമ്മിച്ച സമുച്ചയമായ മൊത്‌നാഥ് റെസിഡൻസിയിലെ താമസക്കാരാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

44കാരിയായ മുസ്ലിം വനിതക്കാണ് വീട് അനുവദിച്ചത്.  മുസ്ലിം കുടുംബത്തിന് വീട് നൽകുന്നത് ഡിസ്റ്റർബ്ഡ് ഏരിയ ആക്‌ട് ലംഘിക്കുന്നതായി പ്രദേശവാസികൾ ആരോപിച്ചു. 462 യൂണിറ്റുകളുള്ള ഭവന സമുച്ചയത്തിൽ ബാക്കിയെല്ലാവരും ഹിന്ദു വിഭാ​ഗത്തിൽപ്പെട്ടവരാണ്. 33 വീട്ടുകാരാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

ഗുജറാത്ത് സർക്കാർ നടപ്പിലാക്കിയ ഡിസ്റ്റർബ്ഡ് ഏരിയാ ആക്ട് പ്രകാരം പ്രശ്ന ബാധിത പ്രദേശങ്ങളിൽ വസ്തു ഇടപാടുകൾക്ക് ജില്ലാ കളക്ടറുടെ അനുമതി നിർബന്ധമാക്കിയിരുന്നു. വ്യത്യസ്‌ത മതവിശ്വാസികളായ ആളുകൾക്കിടയിൽ ക്ലിയറൻസില്ലാതെ നേരിട്ട് സ്വത്ത് വാങ്ങുന്നതും വിൽക്കുന്നതും ഈ നിയമപ്രകാരം നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഇടപാട് നടക്കണമെങ്കിൽ പ്രദേശവാസികളിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നിർബന്ധമാണ്.

ഉദ്യോഗസ്ഥർ അഴിമതി നടത്തിയതായി താമസക്കാർ ആരോപിച്ചു. സർക്കാർ ഇവിടെ ഡിസ്റ്റർബൻസ് സെക്ഷൻ നടപ്പിലാക്കിയിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ അഴിമതി നടത്തിയെന്നും താമസക്കാരിലൊരാളായ അതുൽ ഗമേച്ചി പറഞ്ഞു.  ഹിന്ദു കോളനിയിൽ മുസ്ലിമിന് വീട് നൽകാൻ കഴിയില്ല. എന്നിട്ടും സർക്കാർ ഉദ്യോഗസ്ഥർ നിയമം ലംഘിച്ച് മുസ്ലീമിന് വീട് നൽകിയെന്ന് ഇവർ പറയുന്നു. നടപടിയെടുത്തില്ലെങ്കിൽ എംപിമാരുടെയും പൗര ഉദ്യോഗസ്ഥരുടെയും വീടുകൾക്ക് പുറത്ത് പ്രതിഷേധിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. 

സംഭവത്തിന് പിന്നാലെ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ ആരോപണങ്ങൾ നിഷേധിച്ചു. ലോട്ടറി സമ്പ്രദായത്തിലൂടെയാണ് അലോട്ട്‌മെൻ്റ് നടന്നതെന്നും ഡിസ്റ്റർബ്ഡ് ഏരിയസ് ആക്‌ട് നടപ്പാക്കുന്നതിന് മുമ്പ് ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. 2017-ലാണ് നറുക്കെടുപ്പ് നടത്തിയത്. എല്ലാവർക്കും പങ്കെടുക്കാൻ അർഹതയുണ്ടായിരുന്നു. നറുക്കെടുപ്പിൽ മുസ്ലീം സ്ത്രീക്ക് വീട് ലഭിച്ചു. രേഖകൾ 2018-ൽ ഫയൽ ചെയ്തു. വീട് അനുവദിച്ചത് നിയമപരമായി റദ്ദാക്കാൻ കഴിയില്ലെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. താമസക്കാരുടെ പരാതിയെ തുടർന്ന് വസ്തു ഒഴിയാൻ വീട്ടുടമസ്ഥയെ അധികൃതർ നിർബന്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

2020ൽ കുറച്ച് താമസക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിന് (CMO) കത്തെഴുതിയതോടെയാണ് പ്രതിഷേധം ആരംഭിച്ചതെന്ന് 44 കാരിയായ വനിത പറഞ്ഞു. പിന്നീട് പ്രശ്നം താൽക്കാലികമായി അവസാനിച്ചെങ്കിലും ജൂൺ 10 ന് വീണ്ടും പ്രതിഷേധമുണ്ടായി. വഡോദരയിലെ ഒരു സമ്മിശ്ര ചുറ്റുപാടിലാണ് വളർന്നത്. ഞങ്ങൾ ഒരിക്കലും ഗെറ്റോ സങ്കൽപ്പത്തിൽ വിശ്വസിച്ചിരുന്നില്ല. എൻ്റെ മകൻ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിൽ വളരണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു.

പക്ഷേ ഏകദേശം ആറ് വർഷമായി എൻ്റെ സ്വപ്നങ്ങൾ തകരുകയാണ്. ഞാൻ നേരിടുന്ന എതിർപ്പിന് പരിഹാരമില്ല. എൻ്റെ മകൻ ഇപ്പോൾ 12-ാം ക്ലാസിലാണ് പഠിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ തക്ക പ്രായമുണ്ട്. വിവേചനം അവനെ മാനസികമായി ബാധിക്കുമെന്നു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker