തിരുവനന്തപുരം: പോക്‌സോ കേസില്‍ പെട്ട സിപിഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അമ്പലത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിഷ്ണു ബാബുവിനെയാണ് മണ്ഡലം കമ്മിറ്റി പുറത്താക്കിയത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് വിഷ്ണുവിന് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിഴിഞ്ഞം പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ വിഴിഞ്ഞം മുല്ലൂരില്‍ ഉള്ള വീട്ടില്‍ വച്ച് വിഷ്ണു ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി.
മുല്ലൂര്‍ സ്വദേശിനിയും സ്വകാര്യ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുടെ പരാതിയിലാണ് സിപിഐ അമ്പലത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ സഹോദരനെ ഇതേ സ്‌കൂളില്‍ നിന്ന് അച്ചടക്ക നടപടിയുടെ പേരില്‍ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത് പിന്‍വലിക്കാന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയും മാതാവും വിഷ്ണുവിനെ സമീപിച്ചത്.
പിന്നീട് പെണ്‍കുട്ടിയുടെ മാതാവുമായി വിഷ്ണു അടുപ്പത്തിലായി. വിവാഹിതനായ വിഷ്ണു കുടുംബസമേതം മുല്ലൂരിലുള്ള യുവതിയുടെ വീട്ടില്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്നു. കുടുംബാംഗത്തെ പോലെയായിരുന്നു വിഷ്ണു പെരുമാറിയിരുന്നത്. അതിനിടെ കഴിഞ്ഞ തിരുവോണ ദിനത്തില്‍ പെണ്‍കുട്ടിയും സഹോദരനും അമ്മയുമൊത്ത് വിഷ്ണുവിന്റെ വീട്ടിലെത്തിയാണ് സദ്യ കഴിച്ചത്.
ഇതിനു പിന്നാലെ സെപ്റ്റംബര്‍ 18ന് വിഷ്ണു ബാബു മുല്ലൂരിലുള്ള വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി. കുടുംബാംഗങ്ങളുമൊത്ത് മദ്യപിച്ചു. തുടര്‍ന്ന് ഒന്നാം നിലയില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ ലൈംഗികോദ്ദേശത്തോടെ സ്പര്‍ശിച്ചതായാണ് പരാതി. വിഴിഞ്ഞം പൊലീസിന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങിയത്. വിഷ്ണുവിനെതിരെ പാര്‍ട്ടിയും നടപടി എടുക്കും.