KeralaNews

തിരുവനന്തപുരത്ത് നിയന്ത്രണം നഷ്ടമായ സ്‌കൂട്ടര്‍ മറിഞ്ഞ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പിഎംജിയില്‍ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടര്‍ മറിഞ്ഞ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. പാങ്ങപ്പാറ മെയ്‌ക്കോണം ഗോപിക ഭവനില്‍ ഉദയിന്റെയും നിഷയുടെയും മകളും മാര്‍ ഇവാനിയോസ് കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമായ ഗോപിക ഉദയ് (20) ആണ് മരിച്ചത്.

ഇന്നലെ രാത്രി 7.30 ഓടെ ആയിരുന്നു സംഭവം നടന്നത്. സഹോദരി ജ്യോതികയ്‌ക്കൊപ്പം ജിംനേഷ്യത്തില്‍ പോയ ശേഷം നിഷയുടെ മരപ്പാലത്തുള്ള ഫ്‌ളാറ്റിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. പി.എം.ജിയില്‍ വച്ച് സമീപത്തുകൂടി പോയ കെ.എസ്.ആര്‍.ടി.സി ബസിന്റെ പിറകിലെ വലതുവശത്തെ ടയര്‍ പൊട്ടി പഞ്ചറായി.

ടയര്‍ പൊട്ടിയപ്പോഴുണ്ടായ വന്‍ശബ്ദം കേട്ട് സ്‌കൂട്ടര്‍ മറിഞ്ഞ് ഗോപിക റോഡില്‍ തലയിടിച്ച് വീണതാണെന്ന് കരുതുന്നതായി പൊലീസ് . ഗോപിക ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ജ്യോതികയ്ക്ക് കാര്യമായ പരിക്കുകളില്ല. ബസ് സ്‌കൂട്ടറില്‍ ഇടിച്ചതിന് പ്രാഥമിക പരിശോധനയില്‍ തെളിവുകളൊന്നും കണ്ടെത്താനായി കഴിഞ്ഞിട്ടില്ല. സി.സി ടിവി ക്യാമറകള്‍ പരിശോധിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്ന് മ്യൂസിയം സി.ഐ . ഗോപികയുടെ നിര്യാണത്തെ തുടര്‍ന്ന് കോളേജിന് ഇന്ന് അവധിയാണ്. 

അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പ്രഭാത സവാരിക്കാരായ രണ്ട് സുഹൃത്തുക്കള്‍ക്ക് ഇന്നലെ ദാരുണാന്ത്യമുണ്ടായിരുന്നു. പേരൂര്‍ക്കട വഴയില മീനു ബേക്കറി ഉടമ വഴയില ഹരിദീപത്തില്‍ ഹരിദാസ് (69), വഴയില രാധാകൃഷ്ണ ലെയിന്‍ ഹൗസ് നമ്പര്‍ 60 ശ്രീപദ്മത്തില്‍ വിജയന്‍പിള്ള (69) എന്നിവരാണ് മരിച്ചത്.


പേരൂര്‍ക്കട ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്ത് ഇന്നലെ പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. കൈവരിയില്ലാത്ത ഫുട്പാത്തിലൂടെ വഴയില ഭാഗത്തേക്ക് നടക്കുകയായിരുന്ന ഇരുവരെയും അതേഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു. വിജയന്‍പിള്ളയും ഹരിദാസും ഫുട്പാത്തിനോട് ചേര്‍ന്ന കാടുപിടിച്ച താഴ്ചയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

അല്പം മുന്നിലുള്ള മരത്തിലിടിച്ചാണ് കാര്‍ നിന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഒരു കുട്ടിയടക്കം അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.

ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ ഉടന്‍ തന്നെ പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. നേരം പുലര്‍ന്ന് ആറരയോടെയാണ് താഴ്ചയില്‍ ഒരാള്‍ കമിഴ്ന്ന് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അവിടെയിറങ്ങി പരിശോധിച്ചപ്പോഴാണ് കുറ്റിക്കാട്ടില്‍ മറ്റൊരാളെയും കണ്ടത്. ഇരുവരെയും ഉടന്‍ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ശബരിമലയില്‍ നിന്ന് മടങ്ങിയ തീര്‍ത്ഥാടകസംഘം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം പേരൂര്‍ക്കട വഴയില റൂട്ടിലൂടെ കുറ്റാലത്തേക്ക് പോകുകയായിരുന്നു. വിജയന്‍പിള്ളയും ഹരിദാസും നേരത്തെ പ്രവാസികളായിരുന്നു. ദിവസവും ഇരുവരെ കൂടാതെ മറ്റൊരാളും കൂടിയാണ് നടക്കാനായി പോകാറുള്ളതെന്ന നാട്ടുകാര്‍ പറയുന്നു.

പക്ഷെ ഇന്നലെ എന്തോ അസൗകര്യം കാരണം അയാള്‍ വന്നില്ലായിരുന്നു. അങ്ങനെ ഇവര്‍ രണ്ടു പേരും കൂടിയാണ് നടക്കാനിറങ്ങിയത്. ഇതുവഴിയാണ് ദിവസവുമ രാവിലെ നടക്കാറുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഹരിദാസിന്റെ മൃതദേഹം വീട്ടുവളപ്പിലും വിജയന്‍പിള്ളയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിലും സംസ്‌കാര ചടങ്ങുകള്‍ നടന്നു.

റിട്ട.അദ്ധ്യാപിക പത്മകുമാരിയാണ് വിജയന്‍ പിള്ളയുടെ ഭാര്യ. മകള്‍: രശ്മി. ഹരിദാസിന്റെ ഭാര്യ: മിനി. എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ മീനു ദാസ്, സ്‌കൂള്‍ വിദ്യാര്‍ത്ഥി മീര ദാസ് എന്നിവരാണ് മക്കള്‍.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker