കോഴിക്കോട്: തിരുവനമ്പാടിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ തലേദിവസം ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും വന്‍തോതില്‍ തുണിത്തരങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ പൊന്നങ്കയം സ്വദേശി രഘുലാലിനെതിരെയാണ് കേസെടുത്തത്.
ഇയാളുടെ വീട്ടിലേക്ക് കണ്ടെയ്നര്‍ ലോറിയില്‍ കെട്ടുകണക്കിന് തുണി എത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഫ്‌ളൈംഗ് സ്‌ക്വാഡ് നടത്തിയ തിരച്ചിലിലാണ്് വസ്ത്രങ്ങള്‍ പിടികൂടിയത്.ആദ്യം പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ ബോക്സുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ ഇയാള്‍ തയ്യാറായില്ല. വയനാട്ടില്‍ ടെക്സ്‌റ്റൈല്‍സ് നടത്തുന്ന സുഹൃത്തിന്റെ വസ്ത്രങ്ങളാണ് ഇവയെന്നാണ് ആദ്യം പറഞ്ഞത്.
ഇതോടെ പൊലീസ് തെരഞ്ഞെടുപ്പ് സ്‌ക്വാഡിന് വിവരം കൈമാറി. രണ്ട് ബോക്സുകളില്‍ കാവിമുണ്ടാണെന്ന് സ്‌ക്വാഡ് കണ്ടെത്തി. മുഴുവന്‍ ബോക്സുകളും തുറന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ഇതോടെ തുര്‍ന്ന് പരിശോധിക്കുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തില്‍ വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനെത്തിച്ചതാണ് തുണിത്തരങ്ങളെന്ന് വ്യക്തമായതോടെയാണ് ജനപ്രാതിനിധ്യ നിയമത്തിലെ 171 (ഇ),ഐ.പി.സി 123(1) വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍,രാഹുല്‍ ഗാന്ധി,ആനിരാജ എന്നിവര്‍ മത്സരിച്ചതിലൂടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച മണ്ഡലമാണ് വയനാട്.നേരത്തെ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനായി എത്തിച്ച ഭക്ഷ്യകിറ്റുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.ഇതിനു പിന്നാലെയാണ് തുണിവിതരണവും വിവാദമാകുന്നത്.