സൂറത്ത്: സൂറത്തിൽ വിവാഹ പാർട്ടിക്കിടെ തോക്കെടുത്ത് വെടിയുതിർത്ത സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ഡിജെ സംഗീതത്തിനൊപ്പം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബന്ധുവിന്റെ വിവാഹത്തിന് എത്തിയ ഉമേഷ് തിവാരിയാണ് അറസ്റ്റിലായത്. വിരുന്നിനെത്തിയ അതിഥികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സൂറത്തിലെ ഡിൻഡോലിയിലാണ് സംഭവം. വിവാഹ പാർട്ടിയിൽ നൃത്തം ചെയ്തുകൊണ്ടിരുന്ന രണ്ട് അതിഥികൾക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് വെടിവയ്പ് നടന്നത്.
ഡിജെ പാർട്ടി നടക്കുന്നതിനിടെ ആവേശം കൂടി അഞ്ച് റൗണ്ട് വെടിയാണ് ഇയാൾ ഉതിർത്തത്. സന്തോഷ് ദുബെ, വിരേന്ദ്ര വിശ്വകർമ എന്നിവർക്കാണ് വെടിവയ്പിൽ പരിക്കേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. വെടിയേറ്റ് ഒരാൾ നിലത്ത് വീണ ശേഷവും വെടിയുതിർക്കുന്നത് യുവാവ് തുടരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ലൈസൻസുള്ള തോക്കാണ് ഉമേഷ് തിവാരി ഉപയോഗിച്ചതെന്നാണ് വിവരം.
കൂടി നിന്ന അതിഥികളും പരിക്കേറ്റവരും പരിഭ്രാന്തരായി നിലവിളിക്കുന്നതിനിടയിലും യുവാവ് തോക്ക് പ്രദർശിപ്പിക്കുന്നത് തുടരുകയായിരുന്നു. പൊതുവിടത്ത് വെടിയുതിർത്തതിനും ആയുധം പ്രദർശിപ്പിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇയാളുടെ റിവോൾവറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഉത്തർ പ്രദേശ് സ്വദേശിയായ ഉമേഷ് തിവാരി വർഷങ്ങളായി സൂറത്തിലാണ് താമസിക്കുന്നത്. അടുത്തിടെ വാർഡ് തെരഞ്ഞെടുപ്പിൽ ഉമേഷ് മത്സരിച്ചിരുന്നു. പതിവായി ഇയാൾ തോക്കുമായാണ് നടക്കുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്.