
ലക്നൗ∙ പത്തൊൻപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിക്കന്ദർ ഖാന്റെ വീടു തകർത്ത് ഉത്തർപ്രദേശ് സർക്കാർ. ലവ് ജിഹാദ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്ന സോനു എന്ന സിക്കന്ദർ ഖാന്റെ ഫത്തേപുരിലുള്ള വീട് പൊളിക്കുന്ന ദൃശ്യം വാർത്താ ഏജൻസിയായ എഎൻഐയാണ് പുറത്തുവിട്ടത്. പൊലീസ് അറസ്റ്റ് ചെയ്ത സിക്കന്ദർ ഖാൻ നിലവിൽ ജയിലിലാണ്.
ഇക്കഴിഞ്ഞ ജൂൺ 22നാണ് പത്തൊൻപതുകാരിയെ സിക്കന്ദർ ഖാൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബലാത്സംഗത്തിനിടെ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി, രണ്ടു ദിവസങ്ങൾക്കു ശേഷം ആശുപത്രിയിലാണ് മരണത്തിനു കീഴടങ്ങിയത്.
ഇതിനു പിന്നാലെ ജൂൺ 27നു തന്നെ സിക്കന്ദർ ഖാന്റെ ഫത്തേപുരിലെ വീട് പൊളിക്കാനുള്ള നീക്കങ്ങൾക്ക് സർക്കാർ തുടക്കമിട്ടിരുന്നു. വൻതോതിൽ പൊലീസിനെ സ്ഥലത്തു വിന്യസിച്ച ശേഷമായിരുന്നു പൊളിക്കൽ നടപടി. അനധികൃത ഭൂമി കയ്യേറി നിർമിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് വീടു പൊളിച്ചത്. മുൻപ് ഒരു കുളം നിലനിന്നിരുന്ന സ്ഥലമാണ് ഇതെന്ന് അധികൃതർ അറിയിച്ചു. സിക്കന്ദർ ഖാന്റെ ഇരുനില വീട് പൂർണമായും പൊളിച്ചുനീക്കി.
രാധാനഗറിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള പത്തൊൻപതുകാരിയെയാണ് സിക്കന്ദർ ഖാൻ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഇതര മതക്കാരിയായ യുവതിയെ സിക്കന്ദർ ഖാൻ, സോനു എന്ന പേരിൽ പ്രണയിച്ചാണ് വലയിൽ വീഴ്ത്തിയതെന്നും ആരോപണമുണ്ട്. ജൂൺ 22ന് ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബിൻഡ്കി കോട്‌വാലി മേഖലയിൽ എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. വിവാഹം നടക്കുന്ന ബന്ധുവീടിന് അര കിലോമീറ്റർ അകലെയുള്ള നിർമാണത്തിലിരിക്കുന്ന ഒരു വീട്ടിലെത്തിച്ചാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. ഇതിനു ശേഷം പെൺകുട്ടിയുടെ മുഖത്ത് ഇഷ്ടികയ്ക്കിടിച്ചു. സംഭവത്തിനു തൊട്ടുപിന്നാലെ സിക്കന്ദർ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.
നാട്ടുകാരിൽ ചിലരാണ് ജൂൺ 23ന് പെൺകുട്ടിയെ ഫരീദ്പുരിലെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ കാൻപുരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു ദിവസത്തിനു ശേഷം പെൺകുട്ടി മരണത്തിനു കീഴടങ്ങി.