പുണെ : ആണ്‍സുഹൃത്തിനൊപ്പം വീടുവിട്ടിറങ്ങി പുണെ റെയില്‍വേ സ്റ്റേഷനിലെത്തിയ 17കാരിയെ റെയില്‍വേസംരക്ഷണ സേന (ആര്‍.പി.എഫ്.) ഹെഡ് കോണ്‍സ്റ്റബിളും റെയില്‍വേ സ്റ്റേഷനില്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സിദ്ധാര്‍ഥ് മള്‍ട്ടിപര്‍പ്പസ് സൊസൈറ്റിയുടെ ജീവനക്കാരനും ചേര്‍ന്ന് ദിവസങ്ങളോളം പീഡിപ്പിച്ചതായി പരാതി.
ഛത്തീസ്ഗഢ് സ്വദേശികളാണ് പെണ്‍കുട്ടിയും സുഹൃത്തും. സംഭവവുമായി ബന്ധപ്പെട്ട് സന്നദ്ധപ്രവര്‍ത്തകനായ കമലേഷ് തിവാരി (50)യെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍ അനില്‍ പവാര്‍ (45) ഒളിവിലാണെന്ന് അഡിഷണല്‍ പോലീസ് സൂപ്രണ്ട് ഓഫ് പോലീസ് ഗണേഷ് ഷിന്ദേ പറഞ്ഞു.
സന്നദ്ധപ്രവര്‍ത്തകന്‍ ഉപയോഗിക്കുന്ന പുണെ റെയില്‍വേ കോളനിയിലെ മുറികളില്‍ സെപ്റ്റംബര്‍ 12നും 17നും ഇടയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ചയിലേറെ നീണ്ടുനിന്ന പീഡനത്തിനും തടവിനുംശേഷം വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി ഛത്തീസ്ഗഢിലെ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സെപ്റ്റംബര്‍ 30ന് ഛത്തീസ്ഗഢ് പോലീസ് കേസ് പുണെ ഗവ. റെയില്‍വേ പോലീസിന് (ജി.ആര്‍.പി.) കൈമാറി. പെണ്‍ക്കുട്ടിയുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സെപ്റ്റംബര്‍ 9 നാണ് വിവാഹ വാഗ്ദാനം നല്‍കിയ 25 കാരനായ സുഹൃത്തിനൊപ്പം വീടുവിട്ടിറങ്ങിയത്. സ്റ്റേഷനിലെത്തിയ തങ്ങളെ ആദ്യം സമീപിച്ച മൂന്നു പേര്‍ യൂണിഫോം ധരിച്ച ഒരു പോലീസുകാരന്റെ അടുത്തേക്ക് കൊണ്ടുപോയെന്നും
പോലീസുകാരന്‍ തങ്ങളെ റെയില്‍വേകോളനിയിലെ മുറിയിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ടെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. പുലര്‍ച്ചെ 1.30ന് മുറിയില്‍ തിരിച്ചെത്തിയ പോലീസുകാരന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് തന്നെ സുഹൃത്തിനെ പൂട്ടിയിട്ട മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയെന്നും പരാതിയില്‍ പറയുന്നു.
അടുത്ത ദിവസം ഇവരെ സന്ദര്‍ശിച്ച സന്നദ്ധപ്രവര്‍ത്തകനും ലൈംഗികമായി പീഡിപ്പിച്ചെന്നും തങ്ങളോട് 6000 രൂപ ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടി പറഞ്ഞു. സെപ്റ്റംബര്‍ 17 വരെ ഇരുവരും തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി ആരോപിച്ചു. തിരിച്ചെത്തിയ പെണ്‍കുട്ടി പീഡനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസുമായി പങ്കുവെക്കുകയും പിന്നീട് ജഡ്ജിയുടെ സാന്നിധ്യത്തില്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.