
ഹൈദരാബാദ്: അച്ഛനും അയല്‍ക്കാരും തമ്മില്‍ നിസ്സാര കാര്യത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പതിനഞ്ചുകാരി കൊല്ലപ്പെട്ടു. തെലങ്കാനയിലെ അന്തരം ഗ്രാമത്തിലാണ് സംഭവം നടന്നത്. ആലിയാ ബീഗം എന്ന പത്താംക്ലാസുകാരിയാണ് കൊല്ലപ്പെട്ടത്. ആലിയ ബീഗത്തിന്റെ പിതാവ് ഇസ്മായില്‍ അയല്‍ക്കാരന്റെ വീടിനു സമീപം മൂത്രമൊഴിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അയല്‍ക്കാരായ കൊല്ലൂരി വീര റെഡ്ഡിയും കൊനിയാല വിജയ റെഡ്ഡിയും ചോദ്യം ചെയ്യുകയും തുടര്‍ന്ന് വഴക്കുണ്ടാവുകയും ചെയ്തു. വഴക്കില്‍ ഇടപെട്ട ആലിയ ബീഗത്തിനെ പ്രതികള്‍ അടിക്കുകയും വലിയ കല്ലുകൊണ്ട് എറിയുകയും ചെയ്തു. സാരമായി പരിക്കേറ്റ ആലിയയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഞ്ച് ദിവസത്തിനു ശേഷം കുട്ടി മരിക്കുകയാണുണ്ടായത്.
വ്യത്യസ്ത സമുദായത്തിലുള്ളവര്‍ ഇടകലര്‍ന്ന് താമസിക്കുന്ന മേഖലയാണ് ഇവരുടേത്. ഈ പ്രശ്‌നത്തിനു മുമ്പു വരെ ഇരുകുടുംബങ്ങളും രമ്യതയിലായിരുന്നുവെന്നും വര്‍ഗീയപരമായി യാതൊരു പ്രശ്‌നവും ഇവിടെയുണ്ടായിട്ടില്ലെന്നും ആലിയയുടെ അമ്മ ഷഹീന്‍ ബീ പറഞ്ഞു. ആരുടെയും സമ്മര്‍ദം ഞങ്ങളുടെ മേല്‍ ഇല്ല, രണ്ട് പ്രതികളും മദ്യപിച്ചിരുന്നു, എന്റെ മകളെ ആക്രമിക്കാന്‍ അവര്‍ക്കവകാശമില്ല, കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കണം -അമ്മ പറഞ്ഞു.
സംഭവത്തില്‍ സ്വയം പഴിചാരുകയാണ് പിതാവ് ഇസ്മായില്‍. പത്താം ക്ലാസുകാരി ആലിയയില്‍ കുടുംബത്തിനു വലിയ പ്രതീക്ഷയായിരുന്നു. സ്ഥിതിഗതി ശാന്തമാണെന്നും മരിച്ച കുട്ടിയുടെ കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും പൊലീസ് അറിയിച്ചു.