ലഖ്നോ: ബലാത്സംഗ കേസ് പ്രതിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം അയോധ്യ ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി. കെട്ടിടം അനധികൃതമായാണ് നിർമിച്ചതെന്ന് ആരോപിച്ച് മണ്ണുമാന്ത്രി യന്ത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് തകർക്കുകയായിരുന്നു. 4000 ചതുരശ്ര അടി സ്ഥലത്ത് സ്ഥിതിചെയ്യുന്ന ബഹുനിലകെട്ടിടത്തിന് മൂന്നുകോടിയോളം രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ട്.
അയോധ്യയിൽ 12 വയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസിൽ മൊയ്തു ഖാൻ(65), ഇയാളുടെ സഹായി രാജു ഖാൻ എന്നിവർ ജൂലായ് 30-ന് അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണ് കെട്ടിടം പൊളിച്ചത്. മൊയ്തു ഖാൻ സമാജ് വാദി പാർട്ടി നേതാവാണെന്നാണ് ദേശീയമാധ്യങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. പ്രതികൾ അറസ്റ്റിലായതോടെ 3000 ചതുരശ്ര അടി സ്ഥലത്ത് നിർമിച്ചിരുന്ന മൊയ്തു ഖാന്റെ മറ്റൊരു കെട്ടിടം ഈ മാസം ആദ്യം ഇടിച്ചുനിരത്തിയിരുന്നു.
പീഡനത്തിന് ഇരയായി ഗർഭിണിയായ പെൺകുട്ടിയെ ഓഗസ്റ്റ് ഏഴിന് ഗർഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തു. പ്രതികളുടെ ഡി.എൻ.എ പരിശോധന നടത്താനുള്ള നടപടികൾ ആരംഭിച്ചെന്നും ഇത് കേസിൽ നിർണായകമാകുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.