NationalNews

ബാബാ സിദ്ദിഖിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ്  ബിഷ്‌ണോയി സംഘം

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി അജിത് പവാർ പക്ഷ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയ് സംഘം. സാമൂഹികമാധ്യമങ്ങളിലൂടെയാണ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബിഷ്ണോയിക്കും സംഘത്തിനും പങ്കുണ്ടോയെന്ന സംശയത്തിലായിരുന്നു പോലീസ്. അതിനിടെയാണ് കൊലപാതകത്തിന്റ ഉത്തരവാദിത്തം സംഘം ഏറ്റെടുക്കുന്നത്. നേരത്തേ ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെയുണ്ടായ വധശ്രമക്കേസിൽ പ്രതിയായിരുന്നു ലോറൻസ് ബിഷ്ണോയി. സൽമാൻ ഖാന്റെ വധശ്രമവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.

ഷിബു ലോങ്കർ എന്ന അക്കൗണ്ട് കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. ബിഷ്‌ണോയി സംഘത്തിലെ അസോസിയേറ്റായ ശുഭം രാമേശ്വർ ലോങ്കർ എന്നയാളായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ബിഷ്‌ണോയി സംഘവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ശുഭം. അനധികൃതമായി ആയുധം കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് ശുഭം ലോങ്കർ. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനായ അൻമോൾ ബിഷ്‌ണോയിയുമായി ബന്ധപ്പെടാറുണ്ടെന്ന് മുമ്പ് ചോദ്യം ചെയ്യലിൽ പോലീസിനോട് ഇയാൾ വെളിപ്പെടുത്തിയിട്ടുമുണ്ട്.

ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നതെന്നും ശ്രദ്ധേയമാണ്. ബാബാ സിദ്ദിഖി സംഘടിപ്പിക്കാറുള്ള വൻ ഇഫ്താർ പാർട്ടികളിൽ സൽമാൻ ഖാനും ഷാരൂഖ് ഖാനും ഉൾപ്പടെയുള്ള ബോളിവുഡ് താരങ്ങൾ പങ്കെടുക്കാറുണ്ടായിരുന്നു.

താരങ്ങളുമായി അടുപ്പമുണ്ടായിരുന്നയാളായാണ് സിദ്ദിഖി അറിയപ്പെട്ടിരുന്നത്. സൽമാനും ഷാരൂഖും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചത് 2013 ൽ സിദ്ദിഖി നടത്തിയ പാർട്ടിയിൽ വെച്ചായിരുന്നെന്നും സിദ്ദിഖിയാണ് ഇതിന് മുൻകൈ എടുത്തതെന്നും വാർത്തകളുണ്ടായിരുന്നു. സൽമാന് നേരെയുണ്ടായ വധശ്രമവുമായി ഈ കേസിനുള്ള ബന്ധങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.

ബാന്ദ്ര ഈസ്റ്റിലെ നിർമൽ നഗറിലെ സീഷൻ സിദ്ദിഖിയുടെ ഓഫീസിന് സമീപത്ത് വെച്ചാണ് രാത്രി 9.30 ഓടെ സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിർത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദിഖിയെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഉത്തർപ്രദേശ് ഹരിയാന സ്വദേശികളാണ് പിടിയിലായത്. ഇവർ തന്നെയാണ് സിദ്ദിഖിയെ വധിച്ചതെന്നാണ് സൂചന. പ്രതികളിൽ ഒരാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും വാർത്തയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker