ഐശ്വര്യ റായിയെ പോലെ പാവ നിർമ്മിച്ച് ശ്രീലങ്കൻ ആർട്ടിസ്റ്റ്, കാണുമ്പോൾ പേടി തോന്നുന്നു എന്ന് സോഷ്യല്‍മീഡിയ
കൊളംബോ:ലോകമാകെ ഉറ്റുനോക്കിയ വിവാഹമായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും. പല സെലിബ്രിറ്റികളുടെയും സാന്നിധ്യവും ലുക്കും വലിയ ചർച്ചയുമായി മാറിയിരുന്നു. അതിൽ ഒരാളാണ് ഐശ്വര്യ റായ്. വിവാഹച്ചടങ്ങിൽ മകൾ ആരാധ്യക്കൊപ്പം അല്പം ഹെവി ലുക്കിൽ തന്നെയാണ് ഐശ്വര്യ റായ് എത്തിയത്. എന്നാലിപ്പോൾ വാർത്തയാവുന്നത് ആ ലുക്കിൽ സൃഷ്ടിച്ചിരിക്കുന്ന ഒരു പാവയാണ്.
ഒരു ശ്രീലങ്കൻ ആർട്ടിസ്റ്റാണ് ഐശ്വര്യ റായിയോട് സമാനമായ പാവയെ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ, കരുതിയതുപോലെ അത്ര പൊസിറ്റീവായി മാറിയില്ല കാര്യങ്ങൾ. പാവ കാണുമ്പോൾ പേടിയാവുന്നു എന്നാണ് പലരുടേയും പ്രതികരണം. വിവാഹത്തിന് ഐശ്വര്യ റായ് എത്തിയിരുന്നത് മകൾ ആരാധ്യക്കൊപ്പമാണ്. സിംപിളിന് പകരം അല്പം ഹെവി ലുക്കായിരുന്നു ഐശ്വര്യയുടേത്. ചുവപ്പു നിറത്തിലുള്ള ക്രിംസൺ അനാർക്കലിയാണ് അന്നവർ ധരിച്ചത്. ഒപ്പം തന്നെ നെക്ക്പീസും ഇയർ റിങ്ങുകളും നെറ്റിച്ചുട്ടിയും എല്ലാം അല്പം ഹെവി തന്നെ ആയിരുന്നു.
ആ ലുക്കിലാണ് ഇപ്പോൾ ശ്രീലങ്കൻ ഡോൾ ആർട്ടിസ്റ്റായ നിഗേശൻ പാവ നിർമ്മിച്ചിരിക്കുന്നത്. ഇത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. നിഗിഡോൾസ് എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിൽ തന്നെയാണ് താൻ നിർമ്മിച്ചിരിക്കുന്ന പാവയുടെ വീഡിയോ നിഗേശൻ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേർ ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. മിക്കവരും പറഞ്ഞത് വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ ഐശ്വര്യ റായ് ധരിച്ചതിനോട് സമാനമാണ്. എന്നാൽ ലുക്ക് കിട്ടിയിട്ടില്ല എന്നാണ്.
മറ്റ് ചിലർ പറഞ്ഞത് ഈ പാവയെ കാണുമ്പോൾ പേടി തോന്നുന്നു എന്നാണ്. ഇത് ഐശ്വര്യ റായിയെ പോലെയില്ല. ലിപ്സ്റ്റിക് പോലും മറ്റൊരു നിറമാണ് എന്നതായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം ചുരുക്കം ചിലർ ഈ പാവ നിർമ്മിച്ച ആർട്ടിസ്റ്റിനെ അഭിനന്ദിച്ചിട്ടുമുണ്ട്.