ന്യൂഡൽഹി: രാജ്യത്ത് ഭരണം പിടിക്കാൻ കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതായതോടെ മുഴങ്ങിക്കേട്ട പേരാണ് ചന്ദ്രബാബു നായിഡു. എൻഡിഎ സഖ്യത്തിന്റെ ഭാഗമായ ആന്ധ്രാപ്രദേശിലെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) വൻ വിജയം നേടിയതിന് പിന്നാലെ മോദിയും ഇന്ത്യ സഖ്യത്തിലുള്ളവരും നായിഡുവിനെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. എൻഡിഎയ്‌ക്കൊപ്പം തുടരുമെന്നാണ് ടിഡിപി അദ്ധ്യക്ഷൻ കൂടിയായ ചന്ദ്രബാബു നായിഡു ഇന്ന് പറഞ്ഞത്.
‘എൻഡിഎ യോഗത്തിൽ പങ്കെടുക്കാൻ ഞാൻ ഡൽഹിയിലേക്ക് പോകും. ഞാൻ എഡിഎയ്‌ക്കൊപ്പമാണ്. മറ്റെന്തെങ്കിലും സംഭവവികാസങ്ങൾ ഉണ്ടായാൽ അത് നിങ്ങളെ അറിയിക്കും.’, ഇന്നലത്തെ വൻ വിജയത്തിന് ശേഷം ആദ്യമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നായിഡു. ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 175 സീറ്റിൽ 164ഉം ടിഡിപി നേടിയെടുത്തു. സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളിൽ 16ലും പാർട്ടി തന്നെ വിജയിച്ചു.
സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് സഖ്യകക്ഷികളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തിൽ നായിഡുവും ജെഎസ്‌പി തലവൻ കെ പവൻ കല്യാണും എൻഡിഎ യോഗത്തിൽ പങ്കെടുക്കാൻ ഉച്ചയ്‌ക്ക് ഡൽഹിയിലേക്ക് പുറപ്പെടും. ജൂൺ ഒമ്പതിന് അമരാവതിയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും മറ്റ് ബിജെപി നേതാക്കളെയും നായിഡു ക്ഷണിക്കും.
ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതെ നിലനിർത്തിയതിന് ജെഎസ്‌പിയോടും ബിജെപിയോടും നന്ദിയുണ്ടെന്ന് നായിഡു പറഞ്ഞു. ‘സുവർണ ലിപികളിൽ എഴുതപ്പെട്ട ചരിത്രപരമായ നിയോഗം’ എന്ന് താൻ ഇതിനെ വിളിക്കുമെന്നും ആന്ധ്രയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് നായിഡു പറഞ്ഞു. വൈഎസ്‌ആർസിപി സർക്കാരിന്റെ ഭരണത്തിന് കീഴിൽ ജനങ്ങൾ ദുരിതം അനുഭവിക്കുകയായിരുന്നുവെന്നും നായിഡു പറഞ്ഞു.