CrimeKeralaNews

വിവാഹവീട്ടിലെ കൊലപാതകം:ദൃക്‌സാക്ഷികള്‍ക്ക് ഭീഷണി,തെളിവെടുപ്പിനെത്തിയ പ്രതികള്‍ക്ക് നേരെ രോക്ഷാകുലരായി ബന്ധുക്കള്‍

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് ഗൃഹനാഥനെ കൊലപ്പെടുത്തിയ പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ബന്ധുക്കളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് പ്രതികളെ പുറത്തിറക്കി തെളിവെടുപ്പ് നടത്താതെ പോലീസ് മടങ്ങുകയായിരുന്നു.

വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ അറുപത്തൊന്നുവയസുള്ള രാജുവാണ് കഴിഞ്ഞ ദിവസം വീട്ടിൽ വെച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകൾ ശ്രീലക്ഷ്മി വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പകയിൽ അയൽവാസിയായ ജിഷ്ണുവും സംഘവുമാണ് ക്രൂരമായ കൊല നടത്തിയത്.

വിവാഹത്തലേന്ന് ആഘോഷ പാർട്ടി തീർന്നതിന് പിന്നാലെ ജിഷ്ണുവും സംഘവും വിവാഹ വീട്ടിലെത്തുകയായിരുന്നു. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ബഹളം ഉണ്ടാക്കി, പിന്നാലെ ശ്രീലക്ഷ്മിയെയും വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെയും ആക്രമിച്ചു.

ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് രാജുവിനെ മൺവെട്ടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. ജിഷ്ണു, ജിജിൻ, ശ്യാം, മനു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ പോലീസ് തെളിവെടുപ്പ് പ്രഹസനമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ വീടിനു സമീപമെത്തിച്ചെങ്കിലും വാഹനത്തിൽനിന്ന് ഇറക്കി തെളിവെടുപ്പ് നടത്തിയില്ലെന്നും വാഹനത്തിൽ ഇരുത്തി ചില ചോദ്യങ്ങൾ ചോദിച്ച് തിരിച്ചുപോകുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും അത് അന്വേഷിക്കാൻ പോലീസ് തയാറാകുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button