FootballKeralaNewsSports

എതിരില്ലാതെ ജയം; പിവി ശ്രീനിജൻ എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്

കൊച്ചി: എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയഷൻ പ്രസിഡന്‍റായി കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജനെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് എംഎൽഎ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സ്പോർട്സ് കൗണ്‍സിൽ അദ്ധ്യക്ഷ പദവിയിൽ അടുത്ത തവണ തുടരേണ്ടതില്ലെന്ന സിപിഎം തീരുമാനം നിലനിൽക്കെയാണ് ഫുട്ബോൾ അസോസിയേഷൻ അദ്ധ്യക്ഷ പദവിയിൽ ശ്രീനിജൻ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്.

കൊച്ചിയിൽ വിദ്യാർത്ഥികൾക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം തടഞ്ഞ് ഗ്രൗണ്ട് പൂട്ടിയിട്ടതിൽ ശ്രീനിജൻ വിവാദങ്ങൾ നേരിടുമ്പോഴാണ് ജില്ലയിലെ ഫുട്ബോൾ ക്ലബുകളുടെ പിന്തുണയോടെ ശ്രീനിജൻ വീണ്ടും അദ്ധ്യക്ഷനാകുന്നത്. പരിശീലനത്തിന് വിദ്യാർത്ഥികൾ എത്തിയപ്പോൾ അകത്ത് കടക്കാൻ അനുവദിക്കാതെ ഗേറ്റ് പൂട്ടിയിട്ട നടപടി സംസ്ഥാന തലത്തിൽ വിവാദമായിരുന്നു. തനിക്ക് ഇതിൽ പങ്കില്ലെന്നാണ് ശ്രീനിജൻ ക്ലബുകളോട് വിശദീകരിച്ചത്. വിവാദം നിലനിൽക്കെ സിപിഎമ്മും ജില്ലാ സ്പോർട്സ് കൗണ്‍സിൽ അദ്ധ്യക്ഷ പദത്തിൽ ശ്രീനിജൻ തുടരേണ്ടതില്ലെന്ന നിലപാടിലാണ്. എംഎൽഎ എന്ന നിലയിൽ ഇരട്ട പദവി ചൂണ്ടിക്കാട്ടിയാണ് സിപിഎം നിലപാട്.

എതിരില്ലാതെയാണ് കുന്നത്തുനാട് എംഎൽഎയായ പിവി ശ്രീനിജൻ തെരഞ്ഞെടുക്കപ്പെട്ടത്. എറണാകുളം ജില്ല സ്പോർട്സ് കൗൺസിലിലേക്ക് ഫുട്ബോൾ അസോസിയേഷന്‍റെ നോമിനിയായി സ്പോർട്സ് കമന്‍റേറ്ററായ ഷൈജു ദാമോദരനും തെരഞ്ഞെടുക്കപ്പെട്ടു. ബിജു ചൂളക്കലാണ് അസോസിയേഷൻ സെക്രട്ടറി. ദിനേശ് കമ്മത്ത് ട്രഷറായി തെരഞ്ഞെടുക്കപ്പെട്ടു. 56 ക്ലബുകൾക്കാണ് എറണാകുളം ജില്ലയിൽ വോട്ടിംഗ് അവകാശമുള്ളത്. ഓഗസ്റ്റിലാണ് സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ തെരഞ്ഞെടുപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button