FeaturedHome-bannerKeralaNationalNewsNews

നർത്തകി മല്ലിക സാരാഭായ് കേരള കലാമണ്ഡലം ചാൻസലർ, സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയെ കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സാമൂഹിക പരിവര്‍ത്തനത്തിന് കലയേയും സാഹിത്യത്തേയും പ്രയോജനപ്പെടുത്തണമെന്ന വലിയ കാഴ്ചപ്പാടുള്ള കലാകാരിയാണ് മല്ലികാ സാരാഭായ് എന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

സര്‍വകലാശാലകളുടെ ചാന്‍സലറായി വിഷയത്തില്‍ പ്രഗത്ഭരായവരെ നിയമിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് മല്ലികാ സാരാഭായിയെ കലാമണ്ഡലം ചാന്‍സലറായി നിയമിക്കാന്‍ തീരുമാനിച്ചതെന്ന് വി.എന്‍. വാസവന്‍ അറിയിച്ചു. മല്ലികാ സാരാഭായിയുമായി ആശയം വിനിമയം നടത്തുകയും അവര്‍ താത്പര്യമറിയിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് നിയമനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ പ്രത്യേക ഉത്തരവിലൂടെ സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ സര്‍ക്കാര്‍ നീക്കിയിരുന്നു. ചാന്‍സലറുടെ കാര്യത്തില്‍ കല്പിത സര്‍വകലാശാലയുടെ സ്‌പോണ്‍സറിങ് ഏജന്‍സിക്ക് തീരുമാനമെടുക്കാമെന്നാണ് യു.ജി.സിയുടെ വ്യവസ്ഥ. കലാമണ്ഡലത്തിന്റെ സ്‌പോണ്‍സറിങ് ഏജന്‍സി സര്‍ക്കാരായതിനാലാണ് ഗവര്‍ണറെ നീക്കാന്‍ പ്രത്യേക ഉത്തരവിറക്കാന്‍ സാധിച്ചത്.

കലാ-സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വമായിരിക്കും ചാന്‍സലറായി നിയമിക്കപ്പെടുകയെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അഞ്ചുവര്‍ഷത്തേക്കായിരിക്കും നിയമനം. ചാന്‍സലര്‍ക്ക് 75 വയസ്സ് പ്രായപരിധിയും നിശ്ചയിച്ചിരുന്നു.

പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടേയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടേയും മകളായി ജനിച്ച മല്ലിക സാരാഭായി ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും ലോകം അംഗീകരിച്ച നര്‍ത്തകിയാണ്. നാടകം, സിനിമ, ടെലിവിഷന്‍, സാഹിത്യം, പ്രസാധനം, സംവിധാനം എന്നീ മേഖലകളിലും അവര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button