KeralaNews

മുഖ്യമന്ത്രിയ്ക്ക് ‘സംഘപരിവാർ മനസ്’ ആഞ്ഞടിച്ച് കെ.സുധാകരൻ

തിരുവനന്തപുരം: കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയും സി പി എമ്മും ബിജെപിക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ വിമർശനം. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി പോരാടുമ്പോള്‍ അതിനെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും കേരളത്തില്‍ അരയും തലയും മുറുക്കി രംഗത്തെത്തുന്നത് സി പി എമ്മിന്‍റെ ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിനാലാണ് ജനസ്വീകാര്യത ലഭിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തുടരെത്തുടരെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. സംഘപരിവാറിന്‍റെ പ്രത്യയശാസ്ത്രം അദ്ദേഹം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാത്തതും മുസ്ലീം നാമധാരികളുടെ പേരില്‍ യു എ പി എ ചുമത്തി ജയിലിടച്ചതും അതിനുള്ള ഉദാഹരണമാണെന്നും കെ പി സി സി പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.

ദേശീയതലത്തില്‍ ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്ന് രാജ്യത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം തിരിച്ചറിയുകയും മതേതര ജനാധിപത്യ ചേരി ശക്തിപ്പെടുത്താനുള്ള ശ്രമം തുടരുകയും ചെയ്യുമ്പോഴും സി പി എം കേരള ഘടകം അന്ധമായ കോണ്‍ഗ്രസ് വിരോധം മുലം ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കുകയാണ്. ആര്‍എസ്എസ് സൈദ്ധാന്തികരുടെ ലേഖനങ്ങളും വിചാരധാരകളും കണ്ണൂര്‍ സര്‍വകലാശാലയില്‍ പഠിപ്പിക്കാനുള്ള വിവാദ സിലബസിന് അനുകൂല തീരുമാനമെടുത്ത വ്യക്തിയെ വീണ്ടും കണ്ണൂര്‍ വിസി ആക്കാന്‍ എല്ലാ ചട്ടങ്ങളും സത്യപ്രതിജ്ഞാ ലംഘനവും നടത്തി ഇടപെട്ട വ്യക്തിയായ മുഖ്യമന്ത്രിയ്ക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എന്തുയോഗ്യതയാണുള്ളതെന്നും സുധാകരന്‍ ചോദിച്ചു.

ലാവ്‌ലിന്‍ കേസ് അനിശ്ചിതമായി സുപ്രീംകോടതിയില്‍ മാറ്റിവെയ്ക്കുന്നതിന്‍റെ പൊരുള്‍ അന്വേഷിച്ചാലും മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്‍റെ ഓഫീസിനേയും സംശയനിഴലില്‍ നിര്‍ത്തിയ സ്വര്‍ണ്ണക്കടത്ത് കേസിലെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നിലച്ചതിന്‍റെ പിന്നാമ്പുറം ചികഞ്ഞാലും സി പി എമ്മും ബി ജെ പിയും തമ്മിലുള്ള അന്തര്‍ധാരയുടെ ആഴവും പരപ്പും കൂടുതല്‍ തെളിഞ്ഞ് വരും. ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ട കള്ളപ്പണക്കടത്തല്‍ കേസുകള്‍ പെടുന്നനെ നിലച്ചതും അവയെല്ലാം കോള്‍ഡ് സ്റ്റോറേജിലായതും ഇതേ സഖ്യത്തിന്‍റെ ഇടപെടല്‍ കൊണ്ടുതന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button