തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരായ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാകരുതെന്ന് ആ കോണ്‍ഗ്രസ് നേതാവ് തെളിയിച്ചെന്ന് പിണറായി പറഞ്ഞു.
കേരളത്തെക്കുറിച്ച് നല്ലത് കേള്‍ക്കുന്നതാണ് മുല്ലപ്പള്ളിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നത്. കേരളത്തെക്കുറിച്ച് നല്ലത് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനമാണ് തോന്നുന്നത്. എന്നാല്‍ മുല്ലപ്പള്ളിക്ക് അത് കേള്‍ക്കുക്കുമ്പോള്‍ ക്ഷോഭമാണ് വരുന്നത്. ആ ക്ഷോഭം മലയാളികളെ ബാധിക്കില്ല. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന വിധമാണ് നാം കൊവിഡിനെ ചെറുത്തത്.
കൊവിഡിന് ലോകത്തൊരിടത്തും മരുന്നുപോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നാം രോഗബാധയെ ചെറുത്തുനിറുത്തി. ആരോഗ്യരംഗത്തെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടും ലോകത്തെ ഫലഭാഗങ്ങളിലെ സാഹചര്യങ്ങള്‍ പഠിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം കൊണ്ടും ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍പ്പണം കൊണ്ടുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരുപത്രം എഴുതിയ മുഖപ്രസംഗവും മുല്ലപ്പള്ളിയ്‌ക്കെതിരെ മുഖ്യമന്ത്രി ഉദ്ധരിച്ചു: പ്രവാസികളെ കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ അവഗണിക്കുന്നു എന്നാരോപിച്ച് ചെന്നിത്തല നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുമ്പോള്‍ മുല്ലപ്പള്ളി നടത്തിയ പ്രസ്താവന പാര്‍ട്ടിക്ക് എന്നല്ല നാടിന് തന്നെ വലിയ നാണക്കേട് വരുത്തി വയ്ക്കുന്നു.
അന്ന് നിപ രാജകുമാരി, ഇന്ന് കൊവിഡ് റാണി എന്നീ പദവികള്‍ക്കാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നത്. സ്വന്തം നാവിന്റെ വിലയും നിലയും അവനവന്‍ തിരിച്ചറിയണം. വില കെട്ട വാക്കുകള്‍ ഒരു വനിതയ്ക്ക് നേരെ ഉപയോഗിക്കുമ്പോള്‍ അത് നിന്ദ്യമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.