CrimeKerala

കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്തി, പിടിയിലായത് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്തി. കർണാടകത്തിലെ ധർമസ്ഥലയിൽ നിന്നാണ് കണ്ടെത്തിയത്. വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 12.30 ന് വിനീഷ് മംഗലാപുരത്തേക്ക് ട്രെയിൻ കയറിയതായി കണ്ടെത്തി. മംഗലാപുരത്ത് എത്തിയ പ്രതി അവിടെ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന് കളയുന്നതിനിടെ ധർമസ്ഥലയിൽ വച്ച് വണ്ടിയിലെ ഇന്ധനം തീർന്നു. ഇവിടെ നിന്ന് മറ്റൊരു വാഹനം മോഷ്ടിക്കുന്നതിനിടെയാണ് വിനീഷ് പിടിയിലായത്. ധർമസ്ഥല പൊലിസ് സ്റ്റേഷനിലുള്ള പ്രതിയെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം അങ്ങോട്ട് തിരിച്ചു.

മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് വാർഡിൽ നിന്ന് തടവുകാരനായ അന്തേവാസി പുറത്തുകടക്കുന്നത്.  വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മഞ്ചേരി സ്വദേശിയായ  വിനീഷ്. മാനസികാസ്വാഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.

ഞായറാഴ്ച രാത്രി ഇയാൾ പുറത്തുകടന്നെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞദിവസം ഒരന്തേവാസിയുടെ വിരലിൽ മോതിരം കുടുങ്ങിയത് മുറിച്ചെടുക്കാന്‍ അഗ്നിരക്ഷാ സേന കുതിരവട്ടത്ത് എത്തിയിരുന്നു. ഈ സമയത്ത് വാതിലുകൾ തുറന്നുകിടന്ന അവസരം ഇയാൾ മുതലാക്കിയെന്നാണ് പൊലീസ് നിഗമനം. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ തിരികെപോയിട്ടും വാതിൽ പൂട്ടുന്നതിൽ  വീഴ്ചപറ്റിഎന്നും വിവരമുണ്ട്. 

സുരക്ഷാ വീഴ്ച ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥർ കുതിരവട്ടത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിരുന്നു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button