KeralaNews

‘സ്ത്രീവിരുദ്ധ സർക്കുലർ’ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജയെ മാറ്റി,പി.ബി. നൂഹ് പുതിയ ഡയക്ടർ

തിരുവനന്തപുരം: ഓഫീസിലെ അതിക്രമത്തെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്തുമെന്ന വിവാദ സര്‍ക്കുലര്‍ ഇറക്കിയ  ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജയെ തസ്തികയില്‍ നിന്ന് മാറ്റി. പി.ബി. നൂഹ് ആണ് പുതിയ ഡയക്ടർ. വിവാദ ഉത്തരവ് റദ്ദാക്കിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്  കൃഷ്ണ തേജയോട് വിശദീകരണം തേടിയിരുന്നു.  വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. 

ഈ മാസം പതിനേഴിന് കൃഷ്ണ തേജ  ഇറക്കിയ ഉത്തരവാണ് വിവാദത്തിലായത്. ഓഫീസിലെ അതിക്രമങ്ങളെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവരം ശേഖരിക്കാനും തുടർ നടപടി എടുക്കാനുമായിരുന്നു സര്‍ക്കുലറിലെ നി‍ർദേശം. 

ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലെയും ഗസ്റ്റ് ഹൗസുകളിലെയും വനിതാ ജീവനക്കാർ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നൽകുന്ന പരാതികൾ അന്വേഷണ ഘട്ടത്തിൽ പിൻവലിക്കുന്നുണ്ട്. ആരോപണങ്ങളിൽ നിന്ന് പിൻവാങ്ങുകയും ചെയ്യുന്നു. ഇത് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ സമയം നഷ്ടപ്പെടുത്തുന്നു. പ്രയത്നം പാഴായിപ്പോകുന്ന അവസ്ഥയുണ്ടാക്കുന്നു. 

ചില ജീവനക്കാർ അടിസ്ഥാനഹരിതമായ പരാതികളാണ് ഉന്നയിക്കുന്നത്. ഇത്തരം വ്യാജ പരാതികൾ വകുപ്പിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ പരാതി നൽകുന്നവരുടെ വിവരം പ്രത്യേകം ശേഖരിക്കുകയും തുടർ നടപടി എടുക്കുകയും വേണമെന്നായിരുന്നു നിർദേശം. വിഷയത്തിൽ സ്ഥാപന മേധാവികൾ ജാഗ്രത പുലർത്തണമെന്നും ഡയറക്ടർ ഉത്തരവിട്ടിരുന്നു. ഉത്തരവ് വിവാദമായതോടെയാണ് മന്ത്രി ടൂറിസം ഡയറക്ടറിൽ നിന്ന് വിശദീകരണം തേടിയത്, പിന്നാലെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button