News

ബോക്‌സോഫീസ് കീഴടക്കിയ കുറുപ്പ് ഇനി നെറ്റ്ഫ്‌ളിക്‌സിലേക്ക്

നീണ്ട കാലത്തെ അടച്ചിടലിന് ശേഷം തിയറ്ററുകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയ ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്. പിടികിട്ടാപുള്ളിയായ സുകുമാരകുറുപ്പിന്റെ കഥ പറഞ്ഞ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒ.ടി.ടിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തുകയായിരുന്നു.

ഇപ്പോഴിതാ സിനിമ നെറ്റ്ഫ്ളിക്സിലും റിലീസിനൊരുങ്ങുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് നെറ്റ്ഫ്ളിക്സ് ഈ വിവരം അറിയിച്ചത്. അതേസമയം റിലീസ് തിയതി പുറത്ത് വിട്ടിട്ടില്ല. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് 35 കോടിയാണ് മുടക്കുമുതല്‍.

ദുല്‍ഖറിന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്തത്. വേഫറെര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button