KeralaNews

മോൻസനെ സഹായിച്ചു,ഐജി ലക്ഷ്മണക്കെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഐജി ലക്ഷ്മണയ്ക്കെതിരെ (IG Lakshmana) നടപടിക്ക് ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച് (Crime branch). പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി മോൻസൻ മാവുങ്കല്ലിനെ (monson mavungal) സഹായിച്ചതിനാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. ലക്ഷമണയ്ക്ക് (IG lakshmana) എതിരായ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. മോൻസൻ മാവുങ്കല്ലിനെ കൂടാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വേറെയും ചിലരെ ഐജി ലക്ഷമണ സഹായിച്ചുവെന്ന് പരാതിയുള്ളതായി ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ ട്രാഫിക് ചുമതലയുള്ള ഐജിയാണ് ലക്ഷമണ.

കഴിഞ്ഞ മാസം ഡിജിപി അനിൽ കാന്തും ഐജി ലക്ഷമണയ്ക്ക് എതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മോന്‍സന്‍ മാവുങ്കലിന്‍റെ മുന്‍ ‍ഡ്രൈവര്‍ അജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഡിജിപി സത്യവാങ്മൂലം നൽകിയത്. മോന്‍സനെതിരെ പത്ത് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മോന്‍സനും തമ്മിലുള്ള ബന്ധത്തിന്‍റെ പേരില്‍ അന്വേഷണത്തിന്‍റെ കാര്യക്ഷമതയെ സംശയിക്കേണ്ടതില്ലെന്നും ഹൈക്കോടതിയിൽ ഡിജിപി അറിയിച്ചിരുന്നു.

ഡിജിപി ലോക്നാഥ് ബഹ്റയും എഡിജിപി മനോജ് എബ്രാഹാമും മോന്‍സന്‍റെ മ്യൂസിയം സന്ദര്‍ശിച്ചത് പുരാവസ്തുക്കള്‍ കാണാനാണ്. മോന്‍സന് സ്വീകാര്യത നേടിക്കൊടുക്കുക ആയിരുന്നില്ല സന്ദര്‍ശലക്ഷ്യം. മോന്‍സന്‍റെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയ ഇരുവരും ഇയാള്‍ക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നതായും പൊലീസ് മേധാവി കോടതിയെ അറിയിച്ചു. ഇവരുടെ സന്ദര്‍ശന സമയത്ത് മോന്‍സനെതിരെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നില്ല. മോന്‍സനെതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ ഐജി ലക്ഷ്മണ ശ്രമിച്ചിരുന്നു. എന്നാല്‍ എഡിജിപി ഇടപെട്ട് ഈ നീക്കം തടയുകയും ലക്ഷ്മണയോട് വിശദീകരണം ചോദിക്കുകയും ചെയ്തുവെന്നും ഡിജിപി ഹൈക്കോടതിയെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button