KeralaNews

കൊക്കയാറിലും കൂട്ടിക്കലിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു; തെരച്ചിലിന് ഡോഗ് സ്‌ക്വാഡും

ഇടുക്കി: കനത്തമഴയില്‍ ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറിലും കൂട്ടിക്കലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. കൂട്ടിക്കലില്‍ ഏഴു പേരെയും കൊക്കയാറില്‍ എട്ട് പേരെയുമാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലിലെ കാവാലിയിലാണ് ഇനി തെരച്ചില്‍ നടത്താനുള്ളത്. 40 അംഗ സൈന്യം ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.

കൊക്കയാറില്‍ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നും എത്തും. ഫയര്‍ ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, റവന്യു, പോലീസ് സംഘങ്ങള്‍ ഉണ്ടാകും. പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടാകുകയും റോഡ് ഒലിച്ചുപോയതുമാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചത്. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ മൂന്നു പേര്‍ മരിച്ചിരുന്നു. കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ രണ്ടിടത്താണ് ഉരുള്‍പൊട്ടിയത്. കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ അഞ്ച് വീടുകള്‍ മാത്രമുള്ള പ്രദേശത്താണ് വന്‍ ദുരന്തമുണ്ടായിരിക്കുന്നത്.

ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു കൊക്കയാറില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെയാണ് കാണാതായതെന്നാണ് വിവരം. ഏഴു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. പുഴയോരത്തെ വീടുകളില്‍ നിന്ന് സാധനങ്ങള്‍ എല്ലാം ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തകര്‍ക്ക് കൊക്കയാറിലേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഞായറാഴ്ച രാവിലെയുണ്ടായ അപകടം വൈകിയാണ് പുറത്തറിഞ്ഞത്.

മധ്യകേരളത്തെ ദുരിതത്തിലാക്കി മഴ തുടരുകയാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ ആയിരക്കണക്കിന് പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കോട്ടയത്ത് 33ഉം ആലപ്പുഴയില്‍ 12ഉം പത്തനംതിട്ടയില്‍ 15ഉം ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.

കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കില്‍ 19ഉം മീനച്ചില്‍ താലൂക്കില്‍ 13 ഉം കോട്ടയത്ത് ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 321 കുടുംബങ്ങളിലായി 1196 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്. മണിമല അടക്കം ജനങ്ങള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രാവിലെ ഹെലികോപ്ടറില്‍ ഭക്ഷണമെത്തിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button