KeralaNews

32 രൂപയ്ക്കു പൂണൂല്‍ വാങ്ങി; കൊലക്കേസ് പ്രതി ‘പൂജാരി’യായി അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍

പത്തനംതിട്ട: കൊലക്കേസ് പ്രതി അമ്പലത്തിലെ പൂജാരിയായി ചമഞ്ഞ് തട്ടിപ്പ്. പത്തനംതിട്ടയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന വാസുക്കുട്ടി എന്നയാളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ഇലന്തൂര്‍ പരിയാരം മേട്ടയില്‍ എം.പി ബിജുമോനാണ് അച്ചന്‍ കോവില്‍ അയ്യപ്പക്ഷേത്രത്തില്‍ പൂജാരിയായി തട്ടിപ്പ് നടത്തിയത്.

കടയില്‍ നിന്ന് 32 രൂപയ്ക്ക് പൂണൂല്‍ വാങ്ങി ധരിച്ചാണ് ഇയാള്‍ ക്ഷേത്രത്തില്‍ പൂജാരിയായി എത്തിയത്. പണവും സ്വര്‍ണവും കവരുകയും വാസുക്കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ വിചാരണ നേരിടുന്ന പ്രതിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തിക്കാരനായത്. ചെങ്ങന്നൂരിലുള്ള കടയില്‍ നിന്ന് 32 രൂപയ്ക്കു പൂണൂല്‍ വാങ്ങിക്കൊണ്ടുപോയാണ് ഇയാള്‍ ശാന്തിക്കാരനായി ജോലിക്കു കയറിയതെന്നു പരാതിക്കാരനായ അജികുമാര്‍ പറയുന്നു.

കുറേക്കാലം ഒരു പൂജാരിയുടെ ഡ്രൈവറായിരുന്നതു മാത്രമാണു പത്താം ക്ലാസുകാരനായ ഇയാളുടെ യോഗ്യത. അതേസമയം, ലോക്ക്ഡൗണ്‍ കാലത്ത് ഇയാള്‍ പൂജാരിയാണെന്നു ധരിപ്പിച്ചാണ് ജോലിക്കു കയറിയതെന്നാണ് സംഭവത്തില്‍ ദേവസ്വം അധികൃതരുടെ പ്രതികരണം. സംഭവത്തില്‍ പരിയാരം പൂക്കോട് പീടികയില്‍ പിഎസ് അജികുമാര്‍ പോലീസില്‍ നല്‍കിയ പരാതിയേത്തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ഇയാളെ ജോലിയില്‍നിന്നു പുറത്താക്കുകയും ചെയ്തു.

വാസുക്കുട്ടി 2009-ലാണു കൊല്ലപ്പെട്ടത്. സ്ഥാപനം പൂട്ടി, പണവും സ്വര്‍ണവുമായി വീട്ടിലേക്കു മടങ്ങിയ വാസുക്കുട്ടിയെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയ പ്രതികള്‍ കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തിയശേഷം മാവേലിക്കര പുന്നമൂടിനു സമീപം വാഹനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ ബിജുവിനെ കൂടാതെ നാല് പ്രതികളാണുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button