KeralaNews

സര്‍ക്കാര്‍ അധികാരം ദുരുപയോഗപ്പെടുത്തി,ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരേ ഇഡി ഹൈക്കോടതിയിൽ

കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ. കേസ് അട്ടിമറിക്കാനാണ് ജുഡീഷ്യൽ കമ്മീഷനെന്ന് ഇ.ഡി ഹൈക്കോടതിയിൽ വാദിച്ചു. സംസ്ഥാന സർക്കാർ നിയമവിരുദ്ധമായാണ് കമ്മീഷനെ നിയോഗിച്ചതെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കി.

കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിൽ വഴിവിട്ട ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സംസ്ഥാന സർക്കാർ നേരത്തെ ജസ്റ്റിസ് വികെ മോഹനനെ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചത്. ഈ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്.

സംസ്ഥാന സർക്കാർ നിയമപരമായ അധികാരങ്ങൾ ദുർവിനിയോഗം ചെയ്താണ് കമ്മീഷനെ നിയോഗിച്ചത്. കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കേസിനെ ദുർബലപ്പെടുത്തുന്ന നടപടിയാണ് സംസ്ഥാന സർക്കാരിന്റേതെന്നും എൻഫോഴ്സ്മെന്റ് ആരോപിച്ചു.

നേരത്തെ ജുഡീഷ്യൽ കമ്മീഷൻ പത്രപ്പരസ്യം നൽകി കമ്മീഷനിൽ കക്ഷി ചേരാൻ താത്പര്യമുള്ളവരെ ക്ഷണിച്ചിരുന്നു. തെളിവുകൾ കൈയിലുള്ളവർക്ക് അവ ഹാജരാക്കാമെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇവ ഹാജരാക്കാനുള്ള സമയപരിധി ജൂൺ 26ന് അവസാനിക്കാനിരിക്കെയാണ് ഇഡി കോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button