KeralaNews

ലക്ഷദ്വീപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി; ബീഫ് ഒഴിവാക്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടിയായി രണ്ട് വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫ് ഒഴിവാക്കണമെന്നുള്ള തീരുമാനത്തിനുമാണ് കോടതി സ്റ്റേ.

ലക്ഷദ്വീപ് സ്വദേശിയായ അജ്മല്‍ അഹമ്മദിന്റെ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നും നീക്കം തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ലോക്ക്ഡൗണിനെ തുടര്‍ന്ന് ദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്ന ആരോപണം നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം രംഗത്തെത്തി. ഇതുസംബന്ധിച്ച സത്യവാങ്മൂലം ഹൈകോടതിയില്‍ സമര്‍പ്പിച്ചു. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ലക്ഷദ്വീപ് സ്വദേശികള്‍ക്ക് കിറ്റ് നല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗവുമായ കെ.കെ. നാസിഹാണ് കോടതിയെ സമീപിച്ചത്.

ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് കളക്ടര്‍ എസ്. അസ്‌കര്‍ അലി നിലപാട് വ്യക്തമാക്കിയത്. പത്തു ദ്വീപുകളിലും ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല. കേന്ദ്ര പദ്ധതി പ്രകാരം ദ്വീപില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ട്.

അതുകൊണ്ടു തന്നെ കിറ്റ് നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ സൗജന്യ സേവനം ഉറപ്പാക്കുന്നുണ്ട്. കൊറോണ പ്രതിസന്ധിക്കിടയിലും ഉപജീവന മാര്‍ഗങ്ങള്‍ തടഞ്ഞിരുന്നില്ലെന്നും കളക്ടര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button