KeralaNews

‘ഹലോ പോലീസ് കണ്‍ട്രോള്‍ റൂമല്ലേ… ഞങ്ങളുടെ പക്കല്‍ യുറേനിയം ഇരുപ്പുണ്ട്, നിങ്ങള്‍ക്ക് തന്നേക്കാം’; റാന്നിയില്‍ ‘യുറേനിയ’വുമായി രണ്ടു യുവാക്കള്‍ പിടിയില്‍

പത്തനംതിട്ട: റാന്നിയില്‍ ‘യുറേനിയ’വുമായി രണ്ടു യുവാക്കള്‍ കസ്റ്റഡിയില്‍. വലിയകുളം സ്വദേശികളായ പ്രശാന്ത്, സുനില്‍ എന്നിവരാണ് റാന്നി പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. ഇന്നലെ രാത്രി പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പ്രശാന്താണ് വിളിച്ച് തങ്ങളുടെ പക്കല്‍ യുറേനിയം ഉണ്ടെന്ന് അറിയിച്ചത്. തന്റെ പക്കല്‍ ഉള്ളത് യുറേനിയം ആണെന്ന് നെറ്റില്‍ നോക്കിയപ്പോഴാണ് മനസിലായതെന്നും കൈവശം വച്ചിരിക്കുന്നത് അപകടമായതിനാല്‍ പോലീസിന് കൈമാറാന്‍ തയാറാണെന്നുമാണ് പ്രശാന്ത് പറഞ്ഞത്.

തുടര്‍ന്ന് പോലീസ് പ്രശാന്തിന്റെ വീട്ടിലെത്തിയപ്പോള്‍ ഉമിക്കരിക്ക് സമാനമായ ഒരു പൊടി കുപ്പിക്കുള്ളിലാക്കി സൂക്ഷിച്ചിരിക്കുന്നതാണ് കണ്ടത്. ഇത്തരമൊരു കുപ്പി സുനിലിന്റെ വീട്ടിലുമുണ്ടെന്ന് പറഞ്ഞു. അവിടെയെത്തിയ പോലീസ് കുഴിച്ചിട്ട നിലയിലാണ് ‘യുറേനിയം’ കണ്ടെത്തിയത്. ഇത് യഥാര്‍ഥമാണോ എന്ന് അറിയാന്‍ കഴിയാത്തതിനാല്‍ പോലീസ് ഇതു പിടികൂടിയ സ്ഥലത്ത് തന്നെ ബന്തവസിലാക്കിയിരിക്കുകയാണ്. പരിശോധിച്ച് നോക്കിയെങ്കില്‍ മാത്രമേ യഥാര്‍ഥ യുറേനിയം ആണോയെന്ന് അറിയാന്‍ കഴിയൂ.

ആണവ പ്ലാന്റുകളില്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവാണ് യുറേനിയം. ഇത് കനത്ത സുരക്ഷയില്‍ സൂക്ഷിക്കേണ്ട വസ്തുവാണ്. അത് പുറത്തൊരാളുടെ കൈയില്‍ കണ്ടാല്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. സംഭവം അറിഞ്ഞതോടെ ജില്ലയിലെ മുഴുവന്‍ പോലീസ് സേനയും റാന്നിയിലേക്ക് പാഞ്ഞു. അണുവികിരണം ഉള്ള വസ്തുവാണ് യുറേനിയം. ഇതിന്റെ റേഡിയേഷന്‍ എല്‍ക്കുന്നത് കാന്‍സര്‍ അടക്കമുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും. സുനിലിനെയും പ്രശാന്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മല്ലപ്പള്ളി സ്വദേശി വിജയകുമാറാണ് തങ്ങള്‍ക്ക് ഇതു നല്‍കിയത് എന്നു പറഞ്ഞു.

ഒമ്പതു മാസം മുന്‍പ് വിജയകുമാറിനെയും കൂട്ടി കാറില്‍പ്പോയി കൂടംകുളത്തിന് അടുത്തു നിന്നു വാങ്ങിയതാണ് ഇതെന്ന് ഇവര്‍ പറഞ്ഞു. റൈസ് പുള്ളര്‍ പോലെ ഒരു സാധനം ആണിതെന്ന് പറഞ്ഞാണ് പ്രശാന്തിനും സുനിലിനും കൈമാറിയത്. ഇതു കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വിജയകുമാര്‍ പറഞ്ഞുവത്രേ. പിന്നെ ഇത് വില്‍ക്കാനുള്ള ശ്രമങ്ങളായി. നിരവധി ഇടനിലക്കാര്‍ വന്നെങ്കിലും വില്‍പ്പന നടന്നില്ല. ലക്ഷങ്ങള്‍ വില പറഞ്ഞെങ്കിലും ഇടനിലക്കാര്‍ പണം കൊടുത്തില്ല. ഇത് സമ്പുഷ്ട യുറേനിയമാണെന്ന് വിവരിക്കുന്ന രണ്ട് സര്‍ട്ടിഫിക്കറ്റും ഇവരുടെ കൈയിലുണ്ട്. ഇതും വ്യാജമാണെന്നാണ് കരുതുന്നത്. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് ആസൂത്രണ കമ്മിഷന്‍ ആണെന്നു പറയുന്നു. ഇന്നലെ മദ്യലഹരിയില്‍ തന്റെ കൈയില്‍ ‘യുറേനിയം’ ഉണ്ടെന്ന് പ്രശാന്ത് മാതാവിനോട് പറയുകയായിരുന്നു. യുറേനിയമാണെങ്കില്‍ അപകടമാണെന്ന് മാതാവ് പറഞ്ഞത് കേട്ട് ഇന്റര്‍നെറ്റില്‍ പരതിയ പ്രശാന്ത് ഇതിന്റെ അപകടം മനസിലാക്കി നേരെ 112 ല്‍ വിളിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button