ഗര്‍ഭത്തിന്റെ എട്ടാം മാസം തലച്ചോറില്‍ രക്തം കട്ട പിടിച്ചു; മരണത്തെ മുന്നില്‍ കണ്ട 'വണ്ടര്‍ വുമണ്‍'
മുംബൈ:വണ്ടര്‍ വുമണ്‍ അടക്കമുള്ള സിനിമകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ ഹോളിവുഡ് നടിയാണ് ഗാല്‍ ഗഡോട്ട്. ഇപ്പോഴിതാ ഗാല്‍ ഗഡോട്ട് പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. എട്ടു മാസം ഗര്‍ഭിണിയായിരിക്കെ തലച്ചോറില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥയുണ്ടായതിനെക്കുറിച്ചാണ് താരം പറയുന്നത്.
ജീവിതത്തിനും മരണത്തിനും ഇടയിലൂടെ കടന്നു പോയ അവസ്ഥയിലായിരുന്നു താന്‍ എന്നാണ് ഗാല്‍ ഗഡോട്ട് പറയുന്നത്. തന്റെ അവസ്ഥ പങ്കുവെക്കുന്നത് പോലെ സമാന അവസ്ഥ നേരിടുന്നവര്‍ക്ക് പ്രചോദനം ആകണം എന്ന ലക്ഷ്യത്തോടെയാണ് താരം തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ഈ വര്‍ഷം വലിയ വെല്ലുവിളികളുടേയും തിരിച്ചറിവുകളുടേതുമായിരുന്നു. തീര്‍ത്തും വ്യക്തിപരമായൊരു കഥ പങ്കുവെക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഞാന്‍ ആശങ്കയിലായിരുന്നു. ഒടുവില്‍ ഞാന്‍ എന്റെ ഹൃദയത്തെ പിന്തുടരാന്‍ തീരുമാനിച്ചു. ഒരുപക്ഷെ ഇതായിരിക്കും എല്ലാം ഉള്‍ക്കൊള്ളാനുള്ള എന്റെ മാര്‍ഗം. സോഷ്യല്‍ മീഡിയയിലെ ക്യൂറേറ്റഡ് നിമിഷങ്ങളില്‍ നിന്നും നിര്‍മലമായ യാഥാര്‍ത്ഥ്യത്തിന്റെ തീരശ്ശീല ഉയര്‍ത്തുന്നതു പോലെ. അതിലെല്ലാം ഉപരിയായി, ബോധവത്കരണം നടത്താനും സമാനമായ അവസ്ഥ നേരിടുന്നവരെ പിന്തുണയ്ക്കാനും സാധിക്കുമെന്ന് കരുതുന്നു.
ഫെബ്രുവരിയില്‍, എന്റെ ഗര്‍ഭത്തിന്റെ എട്ടാം മാസത്തില്‍, എന്റെ തലച്ചോറില്‍ രക്തം കട്ട പിടിക്കുന്നതായി കണ്ടെത്തി. ആഴ്ചകളോളം എന്നെ ബെഡില്‍ തന്നെ കിടത്തിക്കളഞ്ഞ തലവേദനയുണ്ടായിരുന്നു. എംആര്‍ഐ നടത്തിയതോടെയാണ് ഭീതിപ്പെടുത്തുന്ന ആ സത്യം തിരിച്ചറിഞ്ഞത്. എത്രപ്പെട്ടെന്നാണ് എല്ലാം മാറി മറിയുന്നത് എന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു അത്. പ്രയാസകരമായൊരു വര്‍ഷത്തില്‍ എനിക്ക് വേണ്ടിയിരുന്നത് പിടിച്ചു നില്‍ക്കുകയും ജീവിക്കുകയും മാത്രമായിരുന്നു.
ഞങ്ങള്‍ ആശുപത്രിയിലേക്ക് ഓടി. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സര്‍ജറി നടത്തി. ഭയത്തിന്റെ ആ നാളുകളിലാണ് എന്റെ മകള്‍ ഓറി ജനിക്കുന്നത്. എന്റെ വെളിച്ചം എന്ന അര്‍ത്ഥം വരുന്ന പേര് അവള്‍ക്കായി തിരഞ്ഞെടുത്തത് ഒട്ടും യാദൃശ്ചികമല്ല. സര്‍ജറിയ്ക്ക് മുമ്പായി ഞാന്‍ ജറോണിനോട് പറഞ്ഞിരുന്നു. എന്റെ മകള്‍ വരുന്നത് തുരങ്കത്തിന് പുറത്ത് എനിക്കായുള്ള വെളിച്ചം പോലെയാണെന്ന്. ആഴ്ചകളോളം എന്നെ ശ്രദ്ധയോടെ ശുശ്രൂഷിച്ച ഡോക്ടര്‍മാരുടെ ടീമിന് നന്ദി. ഇന്ന് ഞാന്‍ പൂര്‍ണമായും സുഖപ്പെട്ടിരിക്കുന്നു. എനിക്ക് തിരിച്ച് ലഭിച്ച ജീവിതത്തോട് കടപ്പെട്ടിരിക്കുന്നു.
ഈ യാത്ര എന്ന ഒരുപാട് പഠിപ്പിച്ചു. ആദ്യത്തേത്, നമ്മുടെ ശരീരത്തെ കേള്‍ക്കുകയും അത് വിശ്വസിക്കുകയും ചെയ്യണം എന്നതാണ്. വേദനയും, അസ്വസ്ഥതയും ചെറിയ ചില മാറ്റങ്ങള്‍ പോലും ആഴത്തിലുള്ള അര്‍ത്ഥമുള്ളവയാകും. ശരീരത്തെ ശ്രദ്ധിക്കുന്നത് ജീവിതം രക്ഷപ്പെടുത്തുന്നത് പോലെയാണ്.
രണ്ടാമതായി, ബോധവത്കരണം പ്രധാനപ്പെട്ടതാണ്. 100000 ല്‍ മൂന്ന് സ്ത്രീകള്‍ക്ക് സിവിടി ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിച്ചാല്‍ ചികിത്സിക്കാന്‍ സാധിക്കും. അപൂര്‍വ്വമെങ്കിലും അതൊരു സാധ്യതയാണ്. ഉണ്ടെന്ന തിരിച്ചറിവാണ് നേരിടുന്നതിനുള്ള ആദ്യത്തെ പടി. ഇത് ആരേയും ഭയപ്പെടുത്താനല്ല പങ്കുവെക്കുന്നത്. മറിച്ച് ശാക്തീകരണത്തിനായാണ്. ഈ കഥ കേട്ട് ഒരാളെങ്കിലും തന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ തയ്യാറായാല്‍ അത് വളരെ വിലപ്പെട്ടതാകും എനിക്ക്.