മോസ്കോ:ലോകം 2023 നെ വരവേറ്റ പുതുവർഷപ്പുലരിയിൽ യുക്രെയ്ൻ സേന നടത്തിയ മിസൈൽ ആക്രമണത്തിൽ തങ്ങളുടെ 89 സൈനികർ കൊല്ലപ്പെട്ടത് അനധികൃത മൊബൈൽ ഫോൺ ഉപയോഗം മൂലമാണെന്ന് റഷ്യ വെളിപ്പെടുത്തി. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ആൾനാശമാണു റഷ്യൻ സേനയ്ക്കുണ്ടായത്.
യുക്രെയ്ൻ തൊടുത്ത 6 മിസൈലുകളിൽ 4 എണ്ണം പട്ടാളക്കാർ താമസിച്ചിരുന്ന കെട്ടിടത്തിനു സമീപമുള്ള ആയുധ ഡിപ്പോയിൽ പതിച്ചു. ആയുധങ്ങൾക്കു തീപിടിച്ചതാണ് സ്ഫോടനത്തിന്റെ ആഘാതം വർധിപ്പിച്ചത്.
കിഴക്കൻ യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലയായ ഡോണെറ്റ്സ്കിലെ മക്കിവ്ക നഗരത്തിൽ, കോളജ് കെട്ടിടത്തിലെ താൽക്കാലിക ബാരക്കിലാണു യുഎസ് നിർമിത മിസൈലുകൾ പതിച്ചത്. സൈനികരിൽ പലരും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതു മൂലമാണ് ഈ സ്ഥലം കൃത്യമായി നിർണയിക്കാൻ മിസൈൽ സംവിധാനത്തിനു കഴിഞ്ഞതെന്നാണു റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണ്ടെത്തൽ.
കെട്ടിടം പൂർണമായി തകർന്നടിഞ്ഞു. സൈനികരുടെ കൂട്ടക്കൊലയിൽ റഷ്യയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഇതേവരെ പ്രതികരിച്ചിട്ടില്ല. 63 പേർ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ട്. മരണസംഖ്യ 89 ആണെന്നു പിന്നീട് റഷ്യ സ്ഥിരീകരിച്ചു.
ഖേഴ്സൻ പ്രവിശ്യയിൽ തമ്പടിച്ചിട്ടുള്ള റഷ്യൻ സൈനികർക്കുനേരെ മറ്റൊരു ശക്തമായ ആക്രമണം നടത്തിയതായി യുക്രെയ്ൻ സേന അവകാശപ്പെട്ടു. യുഎസിന്റ പേട്രിയട്ട് വ്യോമപ്രതിരോധ സംവിധാനം താമസിയാതെ യുക്രെയ്നിലെത്തുമെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അറിയിച്ചു. പേട്രിയട്ട് മിസൈലുകൾ യുക്രെയ്നിനു നൽകുമെന്ന് കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.
നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് പൂർണമായും സ്വയം പ്രവർത്തിക്കുന്ന പോരാളി റോബട്ടുകൾ താമസിയാതെ യുക്രെയ്നിൽ യുദ്ധത്തിനിറങ്ങും. യുദ്ധം നീളുന്തോറും ലക്ഷ്യം തെറ്റാത്ത ആക്രമണങ്ങൾക്കായി മനുഷ്യരെക്കാൾ ഡ്രോണുകളെ ഉപയോഗിക്കുന്നതിലേക്കാണു കാര്യങ്ങൾ നീങ്ങുന്നതെന്നു സൈനിക വിദഗ്ധർ പറയുന്നു.
യുക്രെയ്ൻ സൈന്യത്തിന് ഇപ്പോൾ തന്നെ നിർമിതബുദ്ധി ഉപയോഗിച്ചു പ്രവർത്തിക്കുന്ന സെമി ഓട്ടമാറ്റിക് ഡ്രോണുകളും ഡ്രോൺവേധ ആയുധസംവിധാനവും ഉണ്ട്. എഐ ആയുധങ്ങൾ ഉണ്ടെന്നു റഷ്യയും അവകാശപ്പെടുന്നുണ്ട്. ഇറാൻ നൽകിയ ദീർഘദൂര ഷഹീദ് 136 ഡ്രോൺ ഉപയോഗിച്ചാണു യുക്രെയ്നിലെ ഊർജനിലയങ്ങളും മറ്റും റഷ്യൻ സേന വ്യാപകമായി തകർത്തത്.