37 C
Kottayam
Tuesday, April 23, 2024

കോവാക്സിന്‍ കോവിഡിനെതിരേ 77.8 ശതമാനം ഫലപ്രദം-പഠനം

Must read

ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിൻ ലക്ഷണങ്ങളോടെയുള്ള കോവിഡിനെതിരേ 77.8% ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങൾ. ലാൻസെറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിർജീവമാക്കിയ വൈറസ് ഉപയോഗിച്ചുളള സാങ്കേതികതയാണ് കോവാക്സിനിൽ ഉപയോഗിച്ചിരിക്കുന്നത്. വാക്സിൻ കുത്തിവെച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് ശരീരത്തിൽ ശക്തമായ ആന്റി ബോഡി പ്രതികരണം ഉണ്ടാക്കുന്നുവെന്ന് ലാൻസെറ്റ് പഠനത്തിൽ പറയുന്നു. നവംബർ 2020- മെയ് 2021 കാലയളവിനുള്ളിൽ 18-97 വയസ്സ് പ്രായമുള്ള കാൽ ലക്ഷത്തോളം ആളുകളിൽ നടത്തിയ വാക്സിൻ പരീക്ഷണത്തിൽ വാക്സിൻ ഉപയോഗിച്ചതിലൂടെയുള്ള മരണമോ പ്രതികൂല ഫലങ്ങളോ ഉണ്ടായിട്ടില്ലെന്നും പഠനത്തിൽ പറയുന്നുണ്ട്.

ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ചേർന്നാണ് വാക്സിന്റെ ഫലപ്രാപ്തി പരിശോധിക്കാനുള്ള പഠനം നടത്തിയത്. വാക്സിന്റെ ഫലപ്രാപ്തിയും അംഗീകാരവും സംബന്ധിച്ച വിവാദങ്ങൾ അവസാനിപ്പിക്കാൻ പുതിയ പഠനം സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ ഇതുവരെ പത്ത് കോടി കോവാക്സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ. കഴിഞ്ഞയാഴ്ചയാണ് കോവാക്സിന് ലോകാരോഗ്യസംഘടന അനുമതി നൽകിയത്. ഇന്ത്യ നിർമിക്കുന്ന ഈ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകിയത് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പ്രയാസത്തിലാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week