KeralaNews

ബത്തയടക്കം അർജുന് 75000 കൊടുത്തിട്ടുണ്ട്, ഒപ്പിട്ട കണക്ക് കയ്യിലുണ്ട്;ശമ്പളമെന്ന് പറഞ്ഞത് ഇന്‍ഷുറന്‍സ് തുക കൂടുതല്‍ കിട്ടാന്‍: മനാഫ്

കോഴിക്കോട്‌:അര്‍ജുന് ബത്ത അടക്കം 75000 രൂപ താന്‍ നല്‍കിയിട്ടുണ്ടെന്ന് ലോറി ഉടമ മനാഫ്. അര്‍ജുന്‍ ഒപ്പിട്ട കണക്ക് പുസ്തകം കയ്യിലുണ്ടെന്നും എല്ലാ മാസവും ഒരേ തുകയല്ല നല്‍കാറുള്ളതെന്നും മനാഫ് പറഞ്ഞു.

അര്‍ജുനെ കിട്ടി, ഇനി ആ കുടുംബത്തിന് ഞങ്ങളുടെ ഭാഗത്ത് നിന്ന് ചെയ്യാനുള്ളത് ഇന്‍ഷുറന്‍സ് തുക വാങ്ങികൊടുക്കുക എന്നതാണ്. അര്‍ജുന് താന്‍ 75,000 രൂപ ശമ്പളം നല്‍കുന്നുണ്ടെന്ന് മാധ്യമങ്ങളില്‍ പറഞ്ഞത് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിന് ഉപകാരപ്പെടും. അതോര്‍ത്താണ് ശമ്പളത്തിന്റെ കാര്യം പറഞ്ഞതെന്നും മനാഫ് പറഞ്ഞു.

അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പി.ആര്‍ വര്‍ക്ക് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. വൈകാരിക മുതലെടുപ്പ് നടത്തിയിട്ടില്ല. തന്റെ വ്യക്തിത്വം ഇങ്ങനെയാണ്. ചിലര്‍ക്ക് അത് വൈകാരികമായി തോന്നുന്നതാണ്. യൂടൂബ് ചാനല്‍ തുടങ്ങിയത് കാര്യങ്ങള്‍ ലോകത്തെ അറിയിക്കാനാണ്. അര്‍ജുന്റെ കുടുംബത്തിന്റെ പേരില്‍ ഒരാളോടും പണപ്പിരിവ് നടത്തിയിട്ടില്ല. പണപ്പിരിവ് നടത്തിയതായി തെളിഞ്ഞാല്‍ തന്നെ കല്ലെറിഞ്ഞ് കൊല്ലാമെന്നും മനാഫ് പറഞ്ഞു. കുടുംബാംഗങ്ങളോടൊപ്പം കോഴിക്കോട് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മനാഫ്.

‘കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഈ വാര്‍ത്താ സമ്മേളനം. ഈ വിഷയത്തില്‍ ഒരു മുതലെടുപ്പും നടത്തിയിട്ടില്ല. ജോലിക്കാരന്റെ ആവശ്യത്തിന് വേണ്ടി അവസാനം വരെ ആത്മാര്‍ത്ഥമായി നില്‍ക്കുകയാണ് ചെയ്തത്. താന്‍ പൂര്‍ണമായും ആ കുടുംബത്തിന് ഒപ്പമാണ്. ഇന്നത്തോടെ ആ വിവാദം അവസാനിപ്പിക്കണം. എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറുകയാണ് വേണ്ടത്. പരസ്പരം ചളിവാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന്റെ മഹത്വം ഇല്ലാതാവരുത്’- മനാഫ് പറഞ്ഞു.

വാഹനത്തിന്റെ ആര്‍.സി. ഓണര്‍ സഹോദരനാണെങ്കിലും ഉടമസ്ഥത തങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമാണെന്ന് മനാഫ് വിശദീകരിച്ചു. പിതാവിന്റെ ബിസിനസ് തങ്ങള്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു. അതിനാലാണ് വാഹന ഉടമസ്ഥത തങ്ങള്‍ രണ്ടുപേരുടെ പേരിലായത്. ഈ വിവാദത്തില്‍ തന്റെ കുടുംബം ഒറ്റക്കെട്ടാണ്. അര്‍ജുന്റെ കുടുംബത്തിന്റെ പേരില്‍ ഒരാളോടും പണപ്പിരിവ് നടത്തിയിട്ടില്ല. താന്‍ പണപ്പിരിവ് നടത്തിയതായി തെളിയുകയാണെങ്കില്‍ തന്നെ കല്ലെറിഞ്ഞ് കൊല്ലാം.

മുക്കത്ത് ഒരു സ്‌കൂളില്‍ പരിപാടിക്ക് വിളിച്ചിരുന്നു. അവര്‍ ഒരു തുക തരാമെന്ന് പറഞ്ഞു. ആ തുക അര്‍ജുന്റെ മകന് വേണ്ടി കൊടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അവരോട് പറഞ്ഞിരുന്നു. അവര്‍ അത് സമ്മതിക്കുകയും ചെയ്തു. ഇത് കൈമാറാനാണ് അര്‍ജുന്റെ മകന്റെ അക്കൗണ്ട് നമ്പര്‍ ചോദിച്ചത്. പണം താന്‍ വാങ്ങിയിട്ടില്ല. ഇത് അര്‍ജുന്റെ മകന് കൈമാറാന്‍ ആഗ്രഹിച്ചത് തെറ്റാണെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു. അര്‍ജുന്റെ മകന്റെ നന്മ മാത്രമാണ് ആഗ്രഹിച്ചത്.

യൂടൂബ് ചാനലില്‍ ഉപയോഗിച്ച അര്‍ജുന്റെ ഫോട്ടോ മാറ്റിയിട്ടുണ്ട്. ദൗത്യത്തിലെവിടെയും താന്‍ പി.ആര്‍ വര്‍ക്ക് നടത്തിയിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന്റെ സമയത്ത് അതിന്റെ വിവരങ്ങള്‍ വേഗത്തില്‍ പുറംലോകത്തെ അറിയിക്കാനാണ് യൂടൂബ് ചാനല്‍ തുടങ്ങിയത്. ആളുകള്‍ക്ക് തിരിച്ചറിയാനാണ് ‘ലോറി ഉടമ മനാഫ്’ എന്ന് യൂടൂബ് ചാനലിന് പേര് നല്‍കിയത്. ചാനല്‍ ഇതുവരെ മോണിറ്റൈസ് ചെയ്തിട്ടില്ല. അര്‍ജുനെ ലഭിച്ചതിന് ശേഷം ചാനല്‍ ഉപയോഗിച്ചിട്ടില്ല. പക്ഷെ ഇനി ഉപയോഗിക്കാനാണ് തീരുമാനം. താനും മാല്‍പേയും നാടകം കളിച്ചോ എന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതാണെന്നും മനാഫ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker