ന്യൂഡൽഹി : ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. സുരക്ഷയുടെ ഭാഗമായി ട്രെയിനുകളിൽ 75 ലക്ഷം എഐ-പവർ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. കൂടാതെ ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകാൻ കോച്ചിന് പുറമെ ലോക്കോമോട്ടീവ് എഞ്ചിനിലും ക്യാമറകൾ സ്ഥാപിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ആണ് റെയിൽവേ തയ്യാറാക്കുന്ന പുതിയ സുരക്ഷാ സജ്ജീകരണങ്ങളെ കുറിച്ച് അറിയിച്ചത്. ഏകദേശം 15,000 കോടി രൂപ ചെലവിൽ കോച്ചുകളിലും ലോക്കോമോട്ടീവുകളിലും 75 ലക്ഷം എഐ-പവർ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നതായി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ലോക്കോമോട്ടീവ് എഞ്ചിനിലെ എഐ ക്യാമറകൾ ട്രാക്കുകളിൽ സംശയാസ്പദമായ വസ്തുക്കൾ എന്തെങ്കിലുമുണ്ടെങ്കിൽ കണ്ടെത്താനും എമർജൻസി ബ്രേക്ക് പ്രയോഗിക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാനും സഹായിക്കുന്നവയാണ്. ആദ്യഘട്ടത്തിൽ 40,000 കോച്ചുകൾ, 14,000 ലോക്കോമോട്ടീവുകൾ, 6,000 ഇഎംയു എന്നിവയിൽ ആയിരിക്കും എഐ ക്യാമറ സ്ഥാപിക്കുക എന്നും റെയിൽവേ മന്ത്രി അറിയിച്ചു.