മുംബൈ: മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യ 69-ാം സ്ഥാനത്തെത്തിയതായി ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസി ഊക്ല. ആദ്യമായാണ് ഇന്ത്യ 100 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ 116-ാം സ്ഥാനത്തായിരുന്നു.
തുടർച്ചയായി യു.എ.ഇ.യാണ് ഒന്നാമത്. ഖത്തർ, നോർവേ, ദക്ഷിണ കൊറിയ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ.
ഇന്ത്യയിലെ ശരാശരി ഡൗൺലോഡ് വേഗം ഇക്കഴിഞ്ഞ ജനുവരിയിൽ 29.85 എം.ബി.പി.എസും ശരാശരി അപ്‌ലോഡ് വേഗം 6.16 എം.ബി.പി.എസും രേഖപ്പെടുത്തി. ഫിക്‌സഡ് ബ്രോഡ്ബാൻഡ് വേഗത്തിൽ ഇന്ത്യ 79-ാം സ്ഥാനത്താണ്. ഡൗൺലോഡിന് 50.02 എം.ബി.പി.എസും അപ്‌ലോഡ് 48.77 എം.ബി.പി.എസുമാണ് ശരാശരി വേഗം.
ആഗോള ശരാശരി മൊബൈൽ ഇന്റർനെറ്റ് ഡൗൺലോഡിങ് വേഗം 37.98 എം.ബി.പി.എസും അപ്‌ലോഡിങ് വേഗം 9.75 എം.ബി.പി.എസുമാണ്. ലോകത്തെ ശരാശരി ഫിക്‌സഡ് ബ്രോഡ്ബാൻഡ് ഡൗൺലോഡിങ് വേഗം 76.34 എം.ബി.പി.എസും അപ്‌ലോഡിങ് വേഗം 33.36 എം.ബി.പി.എസും രേഖപ്പെടുത്തി.