കണ്ണൂര്‍: മരിച്ചെന്ന് വിധിയെഴുതിയ 67-കാരന് മോര്‍ച്ചറിയിലേക്ക് മാറ്റുന്ന വഴിയില്‍ പുതുജീവന്‍. പാച്ചപ്പൊയ്ക വനിതാ ബാങ്കിന് സമീപം പുഷ്പാലയത്തില്‍ വെള്ളുവക്കണ്ടി പവിത്രനാണ് മരണത്തില്‍നിന്ന് തലനാരിഴയ്ക്ക് ജീവിതം തിരികെപ്പിടിച്ചത്. പക്ഷാഘാതവും ശ്വാസകോശ സംബന്ധമായ അസുഖവും കാരണം തിങ്കളാഴ്ച പുലര്‍ച്ചെയാണ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍, ആരോഗ്യനിലയില്‍ പുരോഗതിയില്ലാത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായം ഒഴിവാക്കുകയാണെന്ന് തിങ്കളാഴ്ച വൈകീട്ട് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിവരം ആശുപത്രിയില്‍ കൂടെയുണ്ടായിരുന്നവര്‍ നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് 6.30-ന് മംഗളൂരുവില്‍നിന്ന് പവിത്രനെയും കൊണ്ട് ആംബുലന്‍സ് നാട്ടിലേക്ക് തിരിച്ചു. രാത്രി വൈകിയതിനാല്‍ ‘മൃതദേഹം’ കണ്ണൂരിലെ എ.കെ.ജി. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം.
രാത്രി 11.30-ഓടെ ആംബുലന്‍സിന്റെ വാതില്‍ തുറന്ന് മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു ആശുപത്രി അറ്റന്‍ഡര്‍ ജയനും ബന്ധുവായ സി.അര്‍ജുനനും പവിത്രന്റെ കൈയനക്കം ശ്രദ്ധിച്ചത്. വളരെപ്പെട്ടെന്ന് ഡോക്ടര്‍മാരും സംഘവുമെത്തി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ജീവനുണ്ടെന്ന് സ്ഥിരീകരിച്ചു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരണവാര്‍ത്തയും സംസ്‌കാരസ്ഥലവും സമയവും ഉള്‍പ്പെടെ ചില മാധ്യമങ്ങളില്‍ ഇടംപിടിച്ചതോടെ രാവിലെ മുതല്‍ പാച്ചപ്പൊയ്കയിലെ വീട്ടിലും ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു.