NationalNews

ജോലി ഒഴിവ് 600, വന്നത് 25,000 പേർ; മുംബൈയിൽ ആശങ്കയായി എയർ ഇന്ത്യ റിക്രൂട്ട്മെന്റ്, ഒഴിവായത് വൻ ദുരന്തം

മുംബൈ: ആശങ്ക പടർത്തി മുംബൈ വിമാനത്താവളത്തിലെ എയർ ഇന്ത്യ റിക്രൂട്ട്മെന്റിലേക്ക് ആളുകൾ ഒഴുക്ക്. കഴിഞ്ഞ ദിവസം നടന്ന എയർ ഇന്ത്യ ലോഡർ ഒഴിവുകളിലേക്ക് നടത്തിയ റിക്രൂട്മെന്റ് ആണ് വൻ അപകട സാധ്യതയിലേക്ക് വിരൽ ചൂണ്ടിയത്. കേവലം 600 ജോലി ഒഴിവുകൾ മാത്രമുണ്ടായിരുന്ന ഈ റിക്രൂട്ട്മെന്റിലേക്ക് അപ്രതീക്ഷിതമായി 25000ൽ അധികം അപേക്ഷകർ ഇടിച്ചുകയറിയതോടെ നിയന്ത്രണം വിടുകയായിരുന്നു.

ആളുകൾ ഇരച്ചെത്തിയതോടെ എയർ ഇന്ത്യ ഉദ്യോഗസ്ഥർക്ക് ഇവരെ നിയന്ത്രിക്കാൻ പാടുപെടേണ്ടി വന്നു. ഫോറം കൗണ്ടറുകളിലെത്താൻ വേണ്ടി അപേക്ഷകർ തമ്മിൽ ഉന്തും തള്ളും നടത്തുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. അപേക്ഷകർക്ക് ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായും അവരിൽ പലർക്കും അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്നലെ റിക്രൂട്ടിംഗ് നിശ്ചയിച്ച എയർപോർട്ട് ലോഡറുകൾ വിമാനത്തിൽ ലഗേജുകൾ കയറ്റുകയും ഇറക്കുകയും ചെയ്യുക, ലഗേജ് ബെൽറ്റുകൾ, റാംപ് ട്രാക്‌ടറുകൾ എന്നിവ പ്രവർത്തിപ്പിക്കുക തുടങ്ങിയ ജോലികൾ നിർവഹിക്കേണ്ടതാണ്. ഓരോ വിമാനത്തിനും ലഗേജ്, ചരക്ക്, ഭക്ഷണം എന്നിവ കൈകാര്യം ചെയ്യാൻ കുറഞ്ഞത് അഞ്ച് ലോഡറുകൾ എങ്കിലും ആവശ്യമാണ്. അറുന്നൂറോളം ഒഴിവുകളാണ് എയർ ഇന്ത്യയിൽ ഉണ്ടായിരുന്നത്.

എയർപോർട്ട് ലോഡർമാരുടെ ശമ്പളം പ്രതിമാസം 20,000 മുതൽ 25,000 വരെയാണ്, എന്നാൽ മിക്കവരും ഓവർടൈം അലവൻസുകൾ കൂടി കൈപ്പറ്റിയ ശേഷം 30,000 രൂപയിലധികം സമ്പാദിക്കുന്നവരാണ്. ജോലിക്കുള്ള വിദ്യാഭ്യാസ മാനദണ്ഡങ്ങളിൽ ഇളവുകളുണ്ടെങ്കിലും ശാരീരികമായി ശക്തനായിരിക്കണം എന്നതാണ് പ്രധാന മുൻഗണന.

ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ അങ്കലേശ്വറിൽ നടന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ നൂറുകണക്കിന് തൊഴിലന്വേഷകർ പരസ്‌പരം ഉന്തും തള്ളും നടത്തുന്ന വീഡിയോ വൈറലായതിന് ദിവസങ്ങൾക്ക് ശേഷമാണ് മുംബൈയിലെ ഈ ഞെട്ടിക്കുന്ന സംഭവം. മുംബൈ എയർപോർട്ട് പരിസരത്ത് തലനാരിഴയ്ക്കാണ് അപകടം ഒഴിവായതെന്ന് വീഡിയോ ദൃശ്യങ്ങൾ തന്നെ തെളിയിക്കുന്നു.

അങ്കലേശ്വറിൽ ഒരു സ്വകാര്യ സ്ഥാപനത്തിലെ 10 തസ്‌തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവിനായി ഏകദേശം 1800 ഉദ്യോഗാർത്ഥികളാണ് എത്തിയത്. ഇതോടെ പ്രദേശത്ത് ഉന്തും തള്ളുമായി. ഇന്റർവ്യൂ നടക്കുന്ന ഓഫീസിന്റെ കൈവരികൾ ഉൾപ്പെടെ തകർത്തുകൊണ്ടായിരുന്നു അപേക്ഷകരുടെ ഇടിച്ചുകയറ്റം.

ഇതിന് പിന്നാലെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ തൊഴില്ലായ്‌മ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. മുംബൈ സംഭവം എടുത്തുകാട്ടി കോൺഗ്രസ് എംപി വർഷ ഗെയ്ക്ക്വാദ് കടുത്ത ആരോപണമാണ് ഉന്നയിച്ചത്. കഴിഞ്ഞ പത്ത്‌ വർഷത്തിനിടയിൽ തൊഴില്ലായ്‌മ കുതിച്ചുയർന്നുവെന്നും യുവാക്കൾ റഷ്യ-യുക്രൈൻ യുദ്ധത്തിൽ പോലും പങ്കെടുക്കാൻ ഒരുക്കമാണെന്നും അവർ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker