കൊല്ലം: തൃക്കോവിവട്ടത്ത് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ആറു മാസം പ്രായമായ പിഞ്ചു കുഞ്ഞിനെ തട്ടികാണ്ടു പോകാന്‍ ശ്രമം. കുഞ്ഞിനെ ഒളിപ്പിച്ച ശേഷം തൊട്ടടുത്ത വീട്ടില്‍ മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വെച്ചതോടെ കുഞ്ഞിനെ കനാലിനു സമീപം വലിച്ചെറിഞ്ഞ ശേഷം മോഷ്ടാവ് കടന്നു കളഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തൃക്കോവില്‍വട്ടം ചേരിക്കോണം തലച്ചിറയിലായിരുന്നു സംഭവം. കോളനിയില്‍ താമസക്കാരായ ബീമാ മന്‍സിലില്‍ ഷെഫീക്ക് ഷംന ദമ്പതികളുടെ ആറു മാസം പ്രായമുള്ള ഷെഹ്സിയയെയാണ് വീടിന്റെ പിന്‍ വാതില്‍ തകര്‍ത്ത് മോഷ്ടാവ് കടത്തികൊണ്ടുപോയത്.
കുട്ടിയെയും കൊണ്ടു പോകുന്നതിനിടയില്‍ ചേരീക്കോണം ചിറയില്‍ വീട്ടില്‍ ഹുസൈബയുടെ വീട്ടില്‍ മോഷണം നടത്തുവാന്‍ വേണ്ടി കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്ത് കിടത്തിയ ശേഷം മോഷ്ടിക്കാന്‍ കയറി. ആളനക്കം കേട്ട് ഹുസൈബ നിലവിളിച്ചു. തുടര്‍ന്ന് അവിടെ നിന്നും കടന്ന മോഷ്ടാവ് വിളയില്‍ വീട്ടില്‍ ഹുസൈന്റെ വീട്ടിലെത്തി.
ആടുകള്‍ നിലവിളിച്ചതിനെ തുടര്‍ന്ന് ഹുസൈന്‍ ഉണര്‍ന്ന് മോഷ്ടാവുമായി മല്‍പ്പിടുത്തം നടത്തി. പക്ഷെ മോഷ്ടാവ് ഇയാളെ അടിച്ചുവീഴ്ത്തി ബൈക്കില്‍ രക്ഷപെടുകയായിരുന്നു. ഹുസൈന്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഒളിപ്പിച്ചിരുന്ന കുഞ്ഞിനെ എടുത്ത് വലിച്ചെറിഞ്ഞ ശേഷം മോഷ്ടാവ് രക്ഷപെടുകയായിരുന്നുവെന്ന് ഹുസൈന്‍ പറയുന്നു.
ഏന്തോ വീഴുന്ന ശബ്ദം കേട്ട് ഹുസൈന്‍ പരിസരത്ത് പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞാണെന്ന് ബോധ്യമായത്. കുട്ടിയുടെ മുഖത്ത് ചെളി പുരണ്ട നിലയിലായിരുന്നു. കുട്ടിയെ വൃത്തിയാക്കിയപ്പോഴാണ് അടുത്ത വീട്ടിലെ ഷെഫീക്കിന്റെ മകള്‍ ഷെഹ്സിയയാണെന്ന് തിരിച്ചറിയുന്നത്. കുട്ടിയെ നാട്ടുകാര്‍ വീട്ടിലെത്തിച്ചപ്പോഴാണ് മാതാപിതാക്കള്‍ പോലും കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്.
കുഞ്ഞിനെ ആദ്യം കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലത്തറയിലെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീഴ്ചയില്‍ കുട്ടിയുടെ തലയില്‍ രക്തം കട്ടപിടിച്ചതായി പരിശോധനയില്‍ കണ്ടെത്തി. കൊട്ടിയം പോലീസ് സ്ഥലത്തെത്തി പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന സ്വര്‍ണ ചെയിനും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്തു നിന്നും ഒരു ബര്‍മുഡയും ടീ ഷര്‍ട്ടും പോലീസ് കണ്ടെത്തിയിട്ടുണ്ട്.