കണ്ണൂര്‍:സോഷ്യൽ മീഡിയയിൽ പലതരം മേക്ക് ഓവർ വീഡിയോകൾ നമ്മൾ കണ്ടുകാണും. എന്നാൽ ഇങ്ങനൊന്ന് ഇതാദ്യമായിരിക്കും.. വീഡിയോ കണ്ടവർ ഒക്കെ അമ്പരപ്പോടെ നിൽക്കുകയാണ്. 52 കാരിയായ ചന്ദ്രിക ചേച്ചി 25കാരിയായ കല്യാണപ്പെണ്ണായി മാറിയാൽ പിന്നെ ആർക്കാണ് ഞെട്ടൽ വരാതിരിക്കുക. സംഭവം എന്താണെന്ന് വിശദമായി അറിഞ്ഞാലോ..
ചന്ദ്രിക ചേച്ചിയെ സുന്ദരിയാക്കിയതിന് പിന്നിൽ ജിൻസി രഞ്ജുവാണ്. കണ്ണൂർ ആലക്കോട് സ്വദേശിയാണ് ജിൻസി. വീട്ടുജോലിക്ക് എത്തുന്ന ചന്ദ്രിക ചേച്ചിയുടെ ഒരിക്കൽ ജിൻസി ചോദിച്ചു ചന്ദ്രിക ചേച്ചിയെ ഒന്ന് ഒരുക്കി എടുക്കട്ടേ എന്ന്, ചേച്ചിക്കും മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു എന്നാണ് ജിൻസി പറയുന്നത്. ഇതോടെയാണ് വീട്ടുജോലിക്ക് വന്ന ചന്ദ്രിക ചേച്ചി കല്യാണപ്പെണ്ണായി മാറിയത്.
ഒരു ദിവസം ചേച്ചിയോട് ചുമ്മാ ചോദിച്ചതാണ് ഒന്ന് ഒരുക്കി എടുക്കട്ടേയെന്ന്.. ചേച്ചിയുടെ മനസ്സിലും ആഗ്രഹം ഉണ്ടായിരുന്നു. അവരുടെ കല്യാണ സമയത്തൊന്നും ഇങ്ങനെ മേക്കപ്പ് ചെയ്യലോ ഫോട്ടോ ഷൂട്ടോ ഒന്നുമില്ലായിരുന്നു, അതൊക്കെ ചെയ്തു താരം എന്ന് പറഞ്ഞപ്പോൾ ചേച്ചിയും ഹാപ്പിയായി, ജിൻസി പറഞ്ഞു.
ഏകദേശം നാല് മണിക്കൂർ കൊണ്ടാണ് ചന്ദ്രികയെ ഒരുക്കിയെടുത്തത് എന്ന് ജിൻസി പറയുന്നു. വളരെ ഡ്രൈ സ്കിൻ ആയിരുന്നു, പുതിയ സ്റ്റൈൽ ഹെയറും പെഡിക്യൂറുമെല്ലാം ചെയ്തു. ഒരു സുഹൃത്തിന്റെ വിവാഹ നിശ്ചയ സാരിയാണ് ചേച്ചിയെ ഉടുപ്പിച്ചത്. ഞങ്ങൾ ആഭരണങ്ങൾ കല്യാണ ആവശ്യത്തിനായി വാടകയ്ക്ക് നൽകാറുണ്ട് .
ആ ആഭരണങ്ങൾ ചേച്ചിയെഅണിയിച്ചു. തലയിൽ പൂവും ചൂടിയതോടെ ചേച്ചി ആളാകെ മാറി, ഫോട്ടോ ഷൂട്ടിനായി കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ എല്ലാവരും അത്ഭുതത്തോടെ നോക്കിയെന്നും ചന്ദ്രിക ചേച്ചിയാണ് അതെന്ന് ആർക്കും വിശ്വസിക്കാനായില്ലെന്നും ജിൻസി പറയുന്നു.
ചന്ദ്രിക ചേച്ചിയുടെ മേക്ക് ഓവർ വീഡിയോ ജിൻസിയുടെ തന്നെ സ്ഥാപനമായ മിയബെല്ല ബ്യൂട്ടി കെയറിന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് ചന്ദ്രിക ചേച്ചി വൈറലായത്. പണി എടുത്തുകൊണ്ടിരിക്കുന്ന ഇടയിൽ ചേച്ചിയോട് വെറുതെ ഒന്ന് ചോദിച്ചതാ “പോരുന്നോ എന്റെ കൂടെ ഷോപ്പിൽ ” പിന്നെ കണ്ട ചേച്ചിയുടെ സന്തോഷം ഞങ്ങളെ അതിശയിപ്പിച്ചു.. എല്ലാവരുടെയും ഉള്ളിലുണ്ടാവും നടക്കാതെ പോയ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ”, എന്ന കുറിപ്പോടെയാണ് ജിൻസി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വല്ലാത്ത അത്ഭുതം തന്നെയെന്നാണ് എല്ലാവരും പറയുന്നത്. ചന്ദ്രിക ചേച്ചിയുടെ ആഗ്രഹം സാധിപ്പിച്ചുകൊടുത്ത ജിൻസിയെയും എല്ലാവരും അഭിനന്ദിച്ചു. രണ്ട് വർഷം മുമ്പാണ് ജിൻസി ആലക്കോട് ബ്യൂട്ടി കെയർ എന്ന സ്ഥാപനം തുടങ്ങിയത്.