InternationalNews

മൂന്നു ദിവസം കൊണ്ട് കൊല്ലപ്പെട്ടത് 500 പട്ടാളക്കാര്‍,യുക്രൈനില്‍ റഷ്യ നേരിടുന്നത് വമ്പന്‍ തിരിച്ചടി

കീവ്: നിർബന്ധിത സൈനിക സേവനത്തിന് വഴങ്ങേണ്ടി വന്ന നവ സൈനികരിൽ 500 ൽ അധികം പേർ കൊല്ലപ്പെട്ടതായി വാർത്തകൾ വരുന്നു. പുടിന്റെ പുതിയ പദ്ധതി അനുസരിച്ച് റഷ്യൻ സൈനയത്തിൽ ചേർക്കപ്പെട്ടവരാണ് ഇങ്ങനെ മരണമടഞ്ഞത്. മൂന്ന് ദിവസം കൊണ്ട് 500 ൽ ഏറെ പേർ മരണമടഞ്ഞപ്പോൾ അവരുടെ മൃതദേഹങ്ങൾ നിരനിരയായി കുഴിച്ചിട്ട് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. നവസൈനിക കൂട്ടത്തിൽ 29 പേർ മാത്രമാണ് ജീവനോടെ അവശേഷിച്ചിരിക്കുന്നതെന്ന് മനുഷ്യാവകശ പ്രവർത്തകർ പറയുന്നു. അതിൽ 12 പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുമുണ്ട്.

കഴിവുകെട്ട ഉന്നത സൈനിക ഉദ്യോഗസ്ഥർ, മതിയായ പരിശീലനം ലഭിക്കാത്ത നവ സൈനികരെ മരണത്തിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് എന്ന ആരോപണവും ഉയരുന്നുണ്ട്. ഇത് മരണമടഞ്ഞ സൈനികരുടെ ഉറ്റ ബന്ധുക്കളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ കഴിവുകേടും കെടുകാര്യസ്ഥതയും കാരണം സാധാരണ സൈനികർ ബലികൊടുക്കപ്പെടുകയാണെന്ന് റഷ്യൻ മറീനുകൾ ആരോപിക്കുന്നു. കിഴക്കൻ യുക്രെയിനിലെ റഷ്യൻ അധിനിവേശ പ്രദേശത്ത് യുക്രെയിൻ നടത്തിയ കനത്ത ആക്രമണത്തിൽ 300 ഓളം റഷ്യൻ സൈനികർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഒട്ടനവധി പേർക്ക് ഗുരുതരമായ പരിക്കേൾക്കുകയും ചെയ്തിട്ടുണ്ട്.

റഷ്യയുടെ 155-ാം നേവൽ ഇൻഫാൻട്രി ബ്രിഗേഡിൽ നിന്നുള്ള മറീനുകൾ തങ്ങളുടെ മേഖല ഗവർണർക്കെഴുതിയ കത്തിലാണ് 300 സൈനികർ മരിച്ച കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. നാലു ദിവസം കൊണ്ടാണ് ഇത്രയധികം സൈനികരെ നഷ്ടപ്പെട്ടതെന്നും റുസ്തം മുറഡോവ്, സുറാബ് അക്മെഡോവ് എന്നീ ജനറല്മാരുടെ വിവേകശൂന്യമായ ആസൂത്രണമാണ് ഈ നാശത്തിന് കാരണമായതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നതിനാൽ കമാൻഡർമാർ ഡോൺടെസ്‌കിൽ തന്നെ ഒളിവിൽ കഴിയുകയാണെന്നും മരണസംഖ്യ കുറച്ച് കാണിക്കുകയാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഈ വിവരങ്ങൾ വ്ളാഡിമിർ പുടിനെ വ്യക്തിപരമായി അറിയിക്കണമെന്നും, സ്വതന്ത്ര മിലിറ്ററി കമ്മീഷനെ കൊണ്ട് ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ആയിരക്കണക്കിന് റഷ്യൻ സൈനികർ തങ്ങളെ ആവശ്യത്തിന് ഭക്ഷണവും ആയുധങ്ങളും ഇല്ലാതെ യുദ്ധമുന്നണിയിലേക്ക് പറഞ്ഞയച്ച ജനറൽക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നതിനു തൊട്ടു പിന്നാലെയാണ് ഈ കത്തും പുറത്താകുന്നത്. കടക്കു പുറത്ത്, നിങ്ങളെയോർത്ത് ലജ്ജിക്കുന്നു എന്നൊക്കെ ഉറക്കെ വിളിച്ചുകൊണ്ടായിരുന്നു സൈനികർ മേജർ ജനറൽ കിരിൽ കുലകോവിനെ നേരിട്ടത്.

തെക്ക് പടിഞ്ഞാറാൻ റഷ്യയിലെ കസാൻ നഗരത്തിലുള്ള സൈനിക പരിശീലന ക്യാമ്പിലാണ് ഈ പ്രതിഷേധം അരങ്ങേറിയത്. യുദ്ധഭൂമിയിലേക്ക് നീങ്ങുവാനുള്ള ഉത്തരവ് ലഭിച്ചതോടെയായിരുന്നു കലാപം ആരംഭിച്ചത്. 1970 കളിലെ തുരുമ്പു പിടിച്ച മെഷീൻ ഗണ്ണുകളുമായാണ് തങ്ങളെ യുദ്ധഭൂമിയിലേക്ക് അയയ്ക്കുന്നതെന്ന് അവർ പറയുന്നു. ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങളും നൽകുന്നില്ല. ഏകദേശം 2500 ഓളം സൈനികർ ഈ കലാപത്തിൽ പങ്കെടുത്തു എന്നാണ് വിവിധ സാമൂഹമാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യുക്രെയിൻ ആക്രമണം കടുപ്പിച്ചതോടെ കത്തിയമരുന്ന ടാങ്കുകളിൽ നിന്നും ജീവനും കൊണ്ട് പിന്തിരിഞ്ഞോടുന്ന റഷ്യൻ സൈനികരുടെ വീഡിയോ ദൃശങ്ങൾ പുറത്തുവന്നു. കിഴക്കൻ യുക്രെയിനിലെ ഒരു പട്ടണത്തിൽ നിന്നുമുള്ളതാണ് ഈ വീഡിയോ. മുന്നൂറോളം പേരാണ് ഇവിടെ മരണമടഞ്ഞത്. ടി 80 ബി വി എം ടാങ്കുകൾക്ക് നേരെ കടുത്ത ആക്രമണം ഉണ്ടായതോടെയായിരുന്നു 155-ാം നേവൽ ഇൻഫാൻട്രി ബറ്റാലിയനിലെ മറീനുകൾ ജീവനുകൊണ്ട് പലായനം ചെയ്തത്. ടാങ്ക് കത്തിയമരുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്.

മറ്റൊരു വീഡിയോയിൽ പരിഭ്രാന്തരായ റഷ്യൻ സൈനികർ ആളോഴിഞ്ഞ ഒരു വീടിനുള്ളിലേക്ക്ഓടിക്കയറുന്ന ദൃശ്യവുമുണ്ട്. നിരവധി മൃതദേഹങ്ങൾ വഴിയരികിൽ കിടക്കുന്നതും കാണാം. മറ്റൊരു വീഡിയോയിൽ യുക്രെയിനിലെ ഒരു ഗ്രാമത്തിൽ യുക്രെയിൻ സൈനികരുടെ വെടിവയ്പിൽ നിന്നും രക്ഷപ്പെടാൻ പരക്കം പായുന്ന റഷ്യ സൈനികരുടെ ദൃശ്യവുമുണ്ട്. എന്നാൽ, ഇവരെല്ലാവരും തന്നെ ഒരു മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നതും വീഡിയോയിൽ കാണാം. പുടിന്റെ നിർബന്ധിത സൈനിക സേവന പദ്ധതിയിലൂടെ നിയമിതരായ, ആവശ്യത്തിനു പരിശീലനം ലഭിക്കാത്ത നവ സൈനികരാണ് മരണമടഞ്ഞവർ.

പുടിന്റെ അധികാരമോഹത്തിന് റഷ്യ നൽകേണ്ടി വന്നത് വലിയ വിലയാണെന്ന് ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് റഷ്യൻ സൈനികരുടേതെന്ന് പറയപ്പെടുന്ന ശവകുടീരങ്ങൾ യുക്രെയിനിന്റെ മണ്ണിൽ ഉയർന്നു വന്നിരിക്കുന്നത്. ബെലാറുസിയൻ മാധ്യമമായ നെക്സ്റ്റയുടെ ട്വിറ്റർ അക്കൗണ്ടിലാണ് ഈ ചിത്രങ്ങൾ വന്നിരിക്കുന്നത്. വാഹനത്തിലിരുന്നെടുത്ത വീഡിയോയിൽ , ലുഹാൻസ്‌കിലെ ഒരു നിരത്തരികിൽ മൈലുകളോളം നീളത്തിൽ നിരനിരയായി നീണ്ടുകിടക്കുന്ന ശവകുടീരങ്ങൾ കാണാം

പുടിൻ ലുഹാൻസ്‌കിനെ മോചിപ്പിച്ചു എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ പക്ഷെ എന്നാണ് ചിത്രീകരിച്ചത് എന്നത് വ്യക്തമല്ല. ലുഹൻസ്‌കിന്റെ മുക്കാൽ ഭാഗവും തങ്ങൾ പിടിച്ചടക്കിയതായി ജൂണിലായിരുന്നു റഷ്യ അവകാശപ്പെട്ടത്. അതേസമയം 252ാം മോട്ടോറൈസ്ഡ് റൈഫിൾ റെജിമെന്റിൽ നിന്നും 39 പേർ ഈ ആഴ്‌ച്ച ലുഹാൻസ്‌കിലെ യുദ്ധ മുന്നണിയിൽ നിന്നും തിരിച്ചു വന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങിപോകണം എന്നാണ് അവരുടെ ആവശ്യം.

മുന്നണിയിൽ യുക്രെയിൻ ആക്രമണം കടുപ്പിച്ചതോടെ കമാൻഡർമാർ അവരെ മുന്നണിയിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു എന്ന് ഈ സൈനികരുടെ ബന്ധുക്കൾ പറയുന്നു. അവരിൽ പലരും മരണപ്പെട്ടു. ചിലർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker