24.2 C
Kottayam
Wednesday, August 21, 2024

രാജ്യത്തിനും ക്ലബുകള്‍ക്കുമായി 45 കിരീടങ്ങള്‍,അപൂര്‍വ്വ റെക്കോഡുമായി മെസി;പിന്നിലാക്കിയത് ബ്രസീല്‍ താരത്തെ

Must read

ഫ്ളോറിഡ: കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയയെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന കിരീടം നിലനിര്‍ത്തിയതോടെ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസി. ക്ലബ്ബിനും രാജ്യത്തിനുമായി ലയണല്‍ മെസ്സിയുടെ കരിയറിലെ കിരീട നേട്ടങ്ങള്‍ 45-ല്‍ എത്തിയിരിക്കുകയാണ്. ബ്രസീലിന്റെ മുന്‍ താരം ഡാനി ആല്‍വസിനെയാണ് ഇക്കാര്യത്തില്‍ മെസ്സി മറികടന്നത്.

മൂന്ന് വര്‍ഷത്തിനിടെ അര്‍ജന്റീന ഷോകേസില്‍ മൂന്ന് പ്രധാന കിരീടങ്ങളാണ് 36കാരന്റെ നേതൃത്വത്തില്‍ ആല്‍ബിസെലസ്റ്റികള്‍ എത്തിച്ചത്. 2021ലെ കോപ അമേരിക്ക ചാമ്പ്യന്മാരായ ശേഷം നായകനെന്ന നിലയില്‍ ഫൈനലിസിമയും ലോകകപ്പും ഉയര്‍ത്തിയ മെസ്സി ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തവണയും കോപയില്‍ മുത്തമിട്ടിരിക്കുന്നു. ഇതില്‍ 39 കിരീടങ്ങളും ക്ലബ് തലത്തിലെ നേട്ടങ്ങളായിരുന്നു. അതില്‍ തന്നെ ഭൂരിഭാഗവും ബാഴ്‌സലോണയില്‍ ഉണ്ടായിരുന്ന 17 വര്‍ഷത്തിനിടെ.

ഇത്തവണ കോപ്പയിലേത് അര്‍ജന്റീനയുടെ 16-ാം കിരീട നേട്ടമായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ കോപ്പ അമേരിക്ക കിരീടങ്ങള്‍ നേടുന്ന ടീമായി അര്‍ജന്റീന മാറി. യുറഗ്വായുടെ റെക്കോഡാണ് മെസ്സിയും സംഘവും മറികടന്നത്. മുമ്പ് കിരീട നേട്ടങ്ങളുടെ പേരില്‍ പഴികേട്ടിരുന്ന മെസ്സി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അര്‍ജന്റീനയ്ക്കൊപ്പം നേടിയിരിക്കുന്നത് നാല് മേജര്‍ കിരീടങ്ങളാണ്.

2021 കോപ്പ അമേരിക്ക, 2022 ഫൈനലിസിമ, 2022 ലോകകപ്പ്, ഇപ്പോഴിതാ കോപ്പയില്‍ ഒരു കിരീടം കൂടി. ക്ലബ്ബ് കരിയറില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്കൊപ്പം നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും 10 ലാ ലിഗ കിരീടങ്ങളും മെസ്സിയുടെ അക്കൗണ്ടിലുണ്ട്. ഇക്കാലത്തിനിടെ എട്ട് ബാലണ്‍ദ്യോറും ആറ് യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കുകയും ചെയ്തു മെസ്സി. കരിയറില്‍ 1068 മത്സരങ്ങളില്‍ നിന്നായി 838 ഗോളുകളും 374 അസിസ്റ്റുകളും മെസ്സിയുടെ പേരിലുണ്ട്.

കരിയറിലെ 45 കിരീടങ്ങളില്‍ 39-ഉം മെസ്സി നേടിയിരിക്കുന്നത് ക്ലബ്ബ് തലത്തിലാണ്. അതില്‍ മിക്കതും ബാഴ്സലോണയ്ക്കൊപ്പം തന്നെ. ബാഴ്സയ്ക്കൊപ്പം 10 ലാ ലിഗ കിരീടങ്ങള്‍, പിഎസ്ജിക്കൊപ്പം രണ്ട് ലീഗ് വണ്‍ കിരീടങ്ങള്‍, ബാഴ്സയ്ക്കൊപ്പം നാല് ചാമ്പ്യന്‍സ് ലീഗ്, ബാഴ്സയ്ക്കൊപ്പം 15 പ്രാദേശിക കിരീടങ്ങള്‍, പിഎസ്ജിക്കൊപ്പവും ഇന്റന്‍ മയാമിക്കൊപ്പവും ഓരോ പ്രാദേശിക കിരീടങ്ങള്‍ വീതം. ഇതോടൊപ്പം മൂന്ന് തവണ യുവേഫ സൂപ്പര്‍ കപ്പും മൂന്ന് തവണ ക്ലബ്ബ് ലോകകപ്പും നേടി. അര്‍ജന്റീനയ്ക്കൊപ്പം 2005-ലെ അണ്ടര്‍ 20 ലോകകപ്പും 2008-ലെ ഒളിമ്പിക് സ്വര്‍ണവും നേടിയിട്ടുണ്ട് മെസ്സി.

അര്‍ജന്റീന കുപ്പായത്തില്‍ കിരീടനേട്ടങ്ങളില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെ 2021കോപ്പ അമേരിക്ക മെസ്സിക്ക് അവസാനത്തെ അവസരമായിരുന്നു. പുത്തന്‍ താരങ്ങളെ വാര്‍ത്തെടുത്ത് ടീമിനെയൊരുക്കിയ പരിശീലകന്‍ സ്‌കലോണി ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. ഇപ്പോഴല്ലെങ്കില്‍ പിന്നെയില്ലെന്ന യാഥാര്‍ഥ്യത്തെ ബൂട്ടുകളിലാവാഹിച്ച് മെസ്സി ചരിത്രമെഴുതാനിറങ്ങി. അതുവരെ ഉയര്‍ന്നുവന്ന എല്ലാ വിമര്‍ശനങ്ങളേയും ആ ഒരൊറ്റ ടൂര്‍ണമെന്റുകൊണ്ട് മെസ്സി തട്ടിത്തെറിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്.

സ്വപ്നഫൈനലില്‍ ബ്രസീലിനെ കീഴടക്കിക്കൊണ്ട് അര്‍ജന്റീന കോപ്പയില്‍ മുത്തമിട്ടു. മാറക്കാനയിലെ ആല്‍ബിസെലസ്റ്റന്‍ തിരമാലകള്‍ക്ക് നടുവില്‍ മെസ്സി ആനന്ദനൃത്തമാടി. രാജ്യത്തിനായി കിരീടമില്ലെന്ന പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കൂടി അറുതി വരുത്തി. പിന്നാലെ വന്‍കരകളിലെ ചാമ്പ്യന്മാരുടെ ഫൈനലിസിമ പോരാട്ടത്തിലും അര്‍ജന്റീന വിജയിച്ചു.

വര്‍ഷങ്ങള്‍ക്കിപ്പുറം ഖത്തറിലെ തണുപ്പുകാലം ഒരു സ്വര്‍ണക്കപ്പുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. കരിയറിന് വിശ്വവിജയത്തിന്റെ തിളക്കമേകാനുള്ള അവസാനത്തെ അവസരമാണത്. ലോകകപ്പ് വിജയങ്ങള്‍ക്ക് ചരിത്രപരമായ സവിശേഷതകളാണുള്ളത്. അത് എക്കാലവും രേഖപ്പെടുത്തിവെക്കുന്നവയും ചരിത്രത്തില്‍ ഒരു കളിക്കാരനെ അടയാളപ്പെടുത്തുന്നതു കൂടിയാണ്. ഇതിഹാസങ്ങളായ ഡി സ്റ്റിഫാനോയേയും യുസേബിയോയും ഫെറങ്ക് പുഷ്‌കാസുമൊക്കെ പെലെയ്ക്ക് പിന്നിലാകുന്നതും അവര്‍ക്കൊരു ലോകകപ്പ് വിജയമില്ലെന്നതാണ്. അതുവരെ മാറഡോണയെ മെസ്സിയേക്കാള്‍ കേമനാക്കിയിരുന്നതും മറ്റൊന്നുമായിരുന്നില്ല.

ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ലോകകിരീടത്തിനായി മുന്നില്‍ കുതിച്ച അര്‍ജന്റീനയെ വെല്ലുവിളിച്ച് ഫ്രാന്‍സിനെ ഒപ്പമെത്തിച്ച എംബാപ്പേയുടെ തിരിച്ചടിയില്‍ അര്‍ജന്റീനക്കാരുടെ ശ്വാസം നിലച്ചു. പിന്നെ എക്സ്ട്രാ ടൈമിലും അടിക്ക് തിരിച്ചടി. പിന്നെ പെനാല്‍റ്റി ഷൂട്ടൗട്ട്. ഒടുക്കം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എമിലിയാനോ വീണ്ടും നായകനായി. മിശിഹ ഉലകം കീഴടക്കിക്കൊണ്ട് മൈതാനത്ത് കണ്ണീരണിഞ്ഞു. കരിയറിന് പൂര്‍ണതയും കൈവന്നു.

ലോകം ജയിച്ചതില്‍ പിന്നെ സമ്മര്‍ദങ്ങളേതുമില്ലാതെയാണ് മെസ്സി തന്റെ അവസാന കോപ്പ അമേരിക്കയ്ക്ക് ബൂട്ടുകെട്ടിയിറങ്ങിയത്. വിജയത്തോടെ സഹതാരം ഡി മരിയയെ യാത്രയയക്കുകയെന്ന മോഹവും. കടമ്പകളെല്ലാം ഒന്നൊന്നായി മറികടന്ന് മെസ്സിപ്പട ലാറ്റിനമേരിക്കയുടെ രാജാക്കന്‍മാരായി. മെസ്സിയുടെ നാലാമത്തെ അന്താരാഷ്ട്ര കിരീടം. രാജ്യത്തിനായി ഒന്നും ചെയ്യാനാവില്ലെന്ന് വിധിയെഴുതിയവര്‍ ഇത് കാണണം. ഇത് മിശിഹയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. കിരീടങ്ങള്‍ കൊണ്ട് സമ്പന്നനാണയാള്‍. ഇനി വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മൂര്‍ച്ചയുണ്ടാവില്ലെന്നുറപ്പാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഓൺലൈൻ ലോണെടുത്തു; നഗ്ന ഫോട്ടോകൾ അയക്കുമെന്ന് ഭീഷണി,കൊച്ചിയില്‍ യുവതി ജീവനൊടുക്കി

കൊച്ചി: ഓൺലൈൻ ലോൺ എടുത്ത യുവതി ലോൺ നൽകിയവരുടെ ഭീഷണിയെ തുടർന്ന് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തു. എറണാകുളം വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതി (30)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഇവരെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച...

കേരളത്തില്‍ നാളെ ഹര്‍ത്താല്‍; ആഹ്വാനവുമായി ദളിത് സംഘടനകള്‍

തിരുവനന്തപുരം: എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. സുപ്രീം കോടതി വിധി...

വടകരയിലെ ബാങ്കിൽ നിന്നും 26 കിലോ പണയ സ്വർണ്ണം തട്ടിയെടുത്ത കേസ്:ബാങ്ക് മാനേജർ അറസ്റ്റിൽ

കോഴിക്കോട് : വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പിൽ നിർണായക അറസ്റ്റ്. പ്രതി മുൻ ബാങ്ക് മാനേജർ മധു ജയകുമാർ പിടിയിലായി. തെലങ്കാനയിൽ നിന്നാണ് പ്രതി പിടിയിലായത്....

3 ജില്ലകളിൽ ഇന്ന് അതിശക്ത മഴ, ഓറഞ്ച് അലർട്ട്; തലസ്ഥാനമടക്കം 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,...

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ...

Popular this week