പത്തനംതിട്ട: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ചുദിവസത്തിനിടെ പിടിയിലായത് 44 പേർ. ചൊവ്വാഴ്ച ഒരാളെ അറസ്റ്റുചെയ്തു. അഞ്ചുസ്റ്റേഷനുകളിലായി രജിസ്റ്റർചെയ്ത 29 കേസിലാണ് ഇത്രയും അറസ്റ്റ്. ഇലവുംതിട്ട പോലീസ് രജിസ്റ്റർചെയ്ത ആദ്യ കേസിൽ റാന്നി മജിസ്ട്രേറ്റ് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
ഇനിയും പിടിയിലാകാനുള്ള 14 പ്രതികളിൽ ഒരാൾ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിക്കും. പത്തനംതിട്ട പോലീസ് രജിസ്റ്റർചെയ്ത ഒരുകേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം സ്റ്റേഷനിലേക്കു കൈമാറിയിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കല്ലമ്പലം ഇൻസ്പെക്ടർ ആർ. ശിവകുമാർ അറിയിച്ചു.
ഇനി അറസ്റ്റിലാകാനുള്ളവരിൽ ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ ഒൻപതു പ്രതികളുണ്ട്. പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിൽ നാലുപേരും മലയാലപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിൽ ഒരുപ്രതിയും അറസ്റ്റിലാകാനുണ്ട്. ഇലവുംതിട്ട സ്റ്റേഷൻപരിധിയിലെ ഒരു പ്രതി പത്തനംതിട്ട പോലീസ് കഴിഞ്ഞവർഷമെടുത്ത പോക്സോ കേസിൽ ജയിലിലാണ്.
പ്രതികളിലധികവും യുവാക്കളും കൗമാരക്കാരുമാണ്. വിദ്യാർഥിനിക്കൊപ്പം പഠിക്കുന്നവരും മുതിർന്ന ക്ലാസുകളിൽ ഉള്ളവരും പ്രതിപ്പട്ടികയിലുണ്ട്. എല്ലാപ്രതികളേയും എത്രയുംവേഗം അറസ്റ്റുചെയ്യുമെന്ന് ജില്ലാപോലീസ് മേധാവി വി.ജി. വിനോദ് കുമാർ പറഞ്ഞു.