National

വിമാന ടിക്കറ്റ് നിരക്കിൽ 41 ശതമാനം വർധന; വലഞ്ഞ് യാത്രക്കാർ

ന്യൂഡൽഹി: വിമാന യാത്ര മുമ്പെങ്ങുമില്ലാത്ത വിധത്തിൽ മിക്കവരുടെയും ജീവിതത്തിൻെറ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന സമയത്ത് കുതിച്ചുയർന്ന് ടിക്കറ്റ് നിരക്കുകൾ. വിമാനക്കമ്പനികൾ അടിക്കടി ഏർപ്പെടുത്തുന്ന നിരക്ക് വർധനയിൽ വലഞ്ഞ് യാത്രക്കാരും. എയർപോർട്ട് കൗൺസിൽ ഇൻറർനാഷണലിൻെറ കണക്കനുസരിച്ച്, ഏഷ്യാ പസഫിക്, മിഡിൽ ഈസ്റ്റ് മേഖലകളിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഇപ്പോൾ ഏറ്റവും ഉയർന്ന വിമാന നിരക്ക്.

സമീപ വർഷങ്ങളിൽ, ഇന്ത്യൻ വ്യോമയാന വ്യവസായ രംഗം വലിയ വളർച്ച കൈവരിച്ചിട്ടുണ്ട്. വിമാനയാത്ര തിരഞ്ഞെടുക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായി. എങ്കിലും ഈ വളർച്ചയ്‌ക്കൊപ്പം വെല്ലുവിളികൾ വർധിക്കുകയാണ്.

41 ശതമാനമാണ് ഇന്ത്യയിലെ വിമാന നിരക്കുകളിൽ ഉണ്ടായിരിക്കുന്ന വർധന. ഉയർന്ന ടിക്കറ്റ് നിരക്കുകൾ വിമാനയാത്രക്കാരുടെ ഇടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലും നിരക്ക് വർധനുണ്ടെങ്കിലും ഇത്രയില്ല. യുഎഇയിൽ 34 ശതമാനവും സിംഗപ്പുരിൽ 30 ശതമാനവുമാണ് നിരക്ക് വർധന. ഓസ്ട്രേലിയയും 23 ശതമാനത്തോളം യാത്രാനിരക്ക് വർധിപ്പിച്ചിട്ടുണ്ട്.

അതേസമയം വിമാന നിരക്ക് വർധിപ്പിച്ചത് തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രമാണെന്നാണ് കേന്ദ്രസർക്കാരിൻെറ വാദം. കൊവിഡിന് ശേഷം ആഭ്യന്തര വിമാന യാത്ര പുനരാരംഭിച്ചപ്പോൾ, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ന്യായമായ എയർലൈൻ ടിക്കറ്റ് നിരക്ക് നിലനിർത്തേണ്ടതിൻെറ പ്രാധാന്യം ഒക്കെ ഊന്നിപ്പറഞ്ഞിരുന്നു. എങ്കിലും വിമാനക്കമ്പനികൾ കുത്തനെ നിരക്കുയർത്തുകയാണ്.

അമിത ടിക്കറ്റ് നിരക്ക് വർധന ഒഴിവാക്കേണ്ടത് വ്യോമയാന മേഖലയിൽ നിർണായകമാണ്. എന്നാൽ ടിക്കറ്റ് നിരക്കുകൾ ഉയരുന്നതല്ലാതെ കുറയുന്നില്ല. പ്രത്യേകിച്ച് ഗോ ഫസ്റ്റ് പ്രതിസന്ധികളും അപ്രതീക്ഷിത സംഭവങ്ങളും ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിൽ. ഗോ ഫസ്റ്റ് എയർലൈൻ സർവീസ് നടത്തിയ റൂട്ടുകളിൽ എല്ലാം ഇപ്പോൾ കൈപൊള്ളുന്ന ടിക്കറ്റ് നിരക്കാണ്.

1994-ൽ എയർ കോർപ്പറേഷൻ നിയമം പിൻവലിച്ചതിനുശേഷം, ഇന്ത്യയിലെ വിമാനക്കൂലി നിശ്ചയിക്കുന്നത് സർക്കാർ നിയന്ത്രണത്തിലാക്കിയിട്ടില്ല. പഴയ എയർക്രാഫ്റ്റ് റൂൾസിലെ വിവിധ വകുപ്പുകൾക്ക് വിധേയമായി, എയർലൈൻെറ പ്രവർത്തനക്ഷമതയെ അടിസ്ഥാനമാക്കി ന്യായമായ നിരക്കുകൾ ഈടാക്കാനുള്ള സ്വാതന്ത്ര്യം എയർലൈനുകൾക്ക് നൽകിയിട്ടുണ്ട്.

ഇത് ഇപ്പോഴും ഇങ്ങനെ തന്നെ തുടരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഒരു വ്യോമയാന സുരക്ഷാ നിയന്ത്രണ ബോഡിയായി മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അത് ടിക്കറ്റ് നിരക്കുകൾ നിർണ്ണയിക്കുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker