അയോദ്ധ്യ: 40ൽ കൂടുതൽ ചാർട്ടേർഡ് വിമാനങ്ങളാണ് അനുമതി തേടികൊണ്ട് അയോദ്ധ്യയിലെ മഹാഋഷി വാൽമീകി ഇന്റർനാഷണൽ എയർപോർട്ട് (എം.വി.ഐ.എ.എ) അധികൃതരെ സമീപിച്ചിരിക്കുന്നത്. ജനുവരി 22ന് നടക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠാ മഹോത്സവത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി എത്തുന്ന വിവിഐപികൾക്ക് വേണ്ടിയാണ് ചാർട്ടേർഡ് വിമാനങ്ങൾ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
”നാളിതുവരെ 40 അപേക്ഷകളാണ് ചാർട്ടേർഡ് വിമാനക്കമ്പനികളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. എണ്ണം നൂറിലേക്ക് കടക്കുമെന്ന് ഉറപ്പുണ്ട്. ഇതെല്ലാം എങ്ങനെ നിയന്ത്രിക്കാൻ കഴിയും എന്ന കാര്യത്തിൽ ഞങ്ങൾക്ക് വേവലാതിയുണ്ട്. പക്ഷേ കൂടുതൽ ജീവനക്കാരെ വിന്യസിച്ച് അതെല്ലാം കൃത്യമായി ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്”- എം.വി.ഐ.എ.എ ഡയറക്‌ടർ വിനോദ് കുമാർ ഗാർഗ് പ്രതികരിച്ചു.
രാജ്യത്തും വിദേശത്തുമുള്ള സ്വാധീനശക്തികളായ വ്യക്തികൾ, കോർപ്പറേറ്റ് മേധാവിമാർ, സെലിബ്രിറ്റികൾ എന്നിവരെ എത്തിക്കുന്നതിനാണ് ചാർട്ടേർഡ് വിമാനങ്ങൾ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഒരു വിമാനത്തെയാകമാനം വാടകയ‌്ക്ക് എടുക്കുന്നതിനെയാണ് ചാർട്ടേഡ് ഫ്ളൈറ്റ് എന്നുപറയുന്നത്.
അൾട്ടാ ലക്ഷ്വോറിയസ് പ്രൈവറ്റ് ജെറ്റുകളായ ദസോൾട്ട് ഫാൽകൺ 2000, എംബ്രയർ 135 എൽ.ആർ ആന്റ് ലെഗസി 650, സെസ്‌ന, ബിച്ച് ക്രാഫ്‌റ്റ് സൂപ്പർ കിംഗ് എയർ 200, ബോംബാർഡിയർ എന്നീ ശ്രേണികളിലുള്ളവയും ഇറങ്ങാൻ അനുമതി തേടി അപേക്ഷ സമർപ്പിച്ചവയിൽ ഉൾപ്പെടുന്നുണ്ട്.
എന്തുതന്നെയായാലും ഇവർക്കെല്ലാം അതിഥികളെ വിമാനത്താവളത്തിൽ ഇറക്കാൻ മാത്രമേ അനുമതിയുള്ളൂ. പാർക്ക് ചെയ്യാൻ അനുവദിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എയർക്രാഫ്‌റ്റുകൾ ഉള്ളതിലാനാണിത്. നാല് പാർക്കിംഗ് സ്ളോട്ടുകളാണ് പ്രാധാനമന്ത്രിയുടെ എയർക്രാഫ്‌റ്റുകൾക്കായി മാറ്റിവച്ചിട്ടുള്ളത്.
എം.വി.ഐ.എ.എയ‌്ക്ക് ആകെയുള്ളത് എട്ട് ബേകളാണ്. അതിഥികളെ നിർദ്ദിഷ്‌ട സമയത്തിനുള്ളിൽ ഇറക്കിയതിന് ശേഷം തൊട്ടടുത്തുള്ള വിമാനത്താവളത്തിലേക്ക് ഫ്ളൈറ്റുകൾ പോകണം. ഉദ്‌ഘാടനത്തിനും മറ്റു ചടങ്ങുകൾക്കും ശേഷം പ്രധാനമന്ത്രി പോയതിന് പിന്നാലെ മാത്രമേ ഇവയ‌്ക്ക് തിരികെ വരാൻ അനുമതിയുള്ളൂ.