തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പി.ജി ഡോക്ടര്‍മാര്‍ക്കും ഒരു ഹൗസ് സര്‍ജനുമാണ് രോഗം ബാധിച്ചത്. സംഭവത്തെ തുടര്‍ന്ന് സര്‍ജറി യൂണിറ്റിലേ 30 ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു.
അതേസമയം കാസര്‍ഗോട്ട് സ്ഥിതി അതീവ ഗുരുതരമാണെന്നും രോഗവ്യാപന സാധ്യതയും വര്‍ധിക്കുകയാണെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന കോറോണ കോര്‍കമ്മിറ്റിയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ജില്ലയില്‍ വെന്റിലേറ്ററുകളുടെ എണ്ണം കുറവാണ്. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ രോഗമുക്തി നിരക്ക് വളരെ കുറവാണ്. അതീവ ജാഗ്രത ആവശ്യമായ സമയമാണിത്. ഏത് പ്രായത്തിലുള്ള ആളുകളെയും രോഗം ബാധിക്കാമെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. ഒരു കാരണവശാലും ആളുകള്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. അനാവശ്യ യാത്ര അനുവദിക്കില്ല. ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.