യുവതിയെ തടവിലാക്കി പീഡിപ്പിച്ചു; ബി.ജെ.പി നേതാവ് ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവതിയെ രണ്ട് ദിവസം തടവിലാക്കി പീഡിപ്പിച്ച സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസ്. ഷഹ്ദോല്‍ ജില്ലയിലാണ് സംഭവം.
യുവതിയെ തട്ടിക്കൊണ്ടു വന്ന് ഒരു ഫാംഹൗസില്‍ തടവിലാക്കിയാണ് പ്രതികള്‍ പീഡിപ്പിച്ചത്. ഫെബ്രുവരി 18ന് പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയപ്പോഴാണ് പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടി ബന്ധുവിന്റെ വീട്ടില്‍ പോയെന്ന് കരുതിയതിനാലാണ് പരാതി നല്‍കാതിരുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി കാണാതായെന്ന് മനസിലായതിന് പിന്നാലെ ഫെബ്രുവരി 20ന് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. ഇതിന് തൊട്ടുപിന്നാലെ പെണ്‍കുട്ടിയെ വീടിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തി.
സ്ഥലത്തെ ബിജെപി നേതാവ് വിജയ് ത്രിപാഠി, രാജേഷ് ശുക്ല, മുന്ന സിംഗ്, മോനു മഹാരാജ് എന്നിവരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിച്ചു.